കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍കുളങ്ങളും തുറക്കും.


തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവുകൾ അനുവദിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍കുളങ്ങളും തുറക്കാൻ അനുമതി നൽകി. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി, രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്ക് അനുവദിക്കും. വാക്‌സിനേഷന്‍ നിബന്ധന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നൽകി. ആഹാരം കഴിക്കാനെത്തുന്നവരും ഹോട്ടല്‍ തൊഴിലാളികളും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. 18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നിബന്ധന ബാധകമല്ല. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. എ.സി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.