കോട്ടയം: ട്രെയിൻ യാത്രാക്കാർക്കായി 'റെന്റ് എ ബൈക്ക്' പദ്ധതിയുമായി റെയിൽവേ. കോട്ടയം ഉൾപ്പടെ 14 സ്റ്റേഷനുകളിൽ പദ്ധതി ഉടൻ പ്രവർത്തനം ആരംഭിക്കും എന്ന് റെയിൽവേ അധികൃതർ പറഞ്ഞു. തിരുവനന്തപുരം ഡിവിഷനിലെ 15 റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി ആരംഭിക്കുന്നത്.
ട്രെയിനിൽ എത്തുന്ന യാത്രക്കാർക്ക് തങ്ങളുടെ ആവശ്യ കാര്യങ്ങൾക്കായി റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്കുകൾ വാടകയ്ക്ക് എടുക്കാം. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പുതിയ പദ്ധതിക്ക് റെയിൽവേ തുടക്കമിട്ടിരിക്കുന്നത്. കോട്ടയം ഉൾപ്പടെ 15 സ്റ്റേഷനുകളിൽ വാടകയ്ക്ക് ബൈക്ക് ലഭിക്കുന്ന സേവനം ലഭ്യമാകും.
അവശ്യ കാര്യങ്ങൾക്ക് എത്തുന്നവർക്ക് മാത്രമല്ല സഞ്ചാരികൾക്കും പ്രയോജനകരമായ ഒരു പദ്ധതിയാണ് ഇത്. റെന്റ് എ ബൈക്ക് ആരംഭിക്കുന്നതോടെ ട്രെയിനിൽ കോട്ടയത്ത് എത്തിയാൽ അവിടെ നിന്നും ബൈക്കിൽ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടു മടങ്ങിയെത്താം. നിലവിൽ എറണാകുളം ജംക്ഷൻ സ്റ്റേഷനിലും എറണാകുളം ടൗൺ സ്റ്റേഷനിലും റെന്റ് എ ബൈക്ക് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം, കൊച്ചുവേളി, കഴക്കൂട്ടം, കൊല്ലം, വർക്കല, ചെങ്ങന്നൂർ, കോട്ടയം, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂർ സ്റ്റേഷനുകളിൽ പദ്ധതി ഉടൻ പ്രവർത്തനം ആരംഭിക്കും. ബൈക്കുകളും സ്‌കൂട്ടറുകളും ഇവിടെ നിന്ന് ലഭിക്കും. റൈഡർക്കുള്ള ഹെൽമെറ്റ് വാഹനത്തിനൊപ്പം ലഭിക്കും. സഹയാത്രികരുണ്ടെങ്കിൽ അവർക്കുള്ള ഹെൽമെറ്റിന് വാടക നൽകണം. ആധാർ കാർഡ് ,ലൈസൻസ് എന്നീ രേഖകൾ ഹാജരാക്കി വാഹനം വാടകയ്ക്ക് എടുക്കാവുന്നതാണ്. ബുള്ളറ്റിനു ഒരു മണിക്കൂറിനു (10 കിമീ) 192 രൂപയാണു വാടക നിരക്ക്. 10 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപ വീതമാണ് വാടക നിരക്ക് ഈടാക്കുക. സ്കൂട്ടറുകൾക്കു ഒരു മണിക്കൂറിനു 128 രൂപയാണു വാടക. ഏട്രിക്ക് സ്‌കൂട്ടറുകളും റെന്റ് എ ബൈക്ക് പദ്ധതിയുടെ ഭാഗമാക്കുമെന്നു പദ്ധതി നടത്തിപ്പ് കരാർ ഏറ്റെടുത്തിരിക്കുന്ന ഇവിഎം അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതിയുടെ ടെണ്ടർ നടപടികൾ ആരംഭിച്ചത്.