എരുമേലി: ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ടു ഡിജിസിഎ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ സാങ്കേതിക നടപടിക്രമങ്ങൾ മാത്രമാണെന്നും വിഷയത്തിൽ ഉടൻ മറുപടി നൽകുമെന്നും ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസർ വി.തുളസീദാസ് പറഞ്ഞു.
ശബരിമല വിമാനത്താവളം നടപ്പിലാക്കാനുദ്ദേശിക്കുന്ന ചെറുവള്ളിയിൽ റൺവേ നിർമ്മിക്കാനാവശ്യമായ സ്ഥലം ലഭ്യമാണ്. ടേബിൾ ടോപ് റൺവേ വേണ്ടി വരില്ല എന്നും വി.തുളസീദാസ് പറഞ്ഞു. ഡിജിസിഎ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങളിൽ പരമാവധി ഒരാഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് ശ്രമിക്കുന്നത്. ശബരിമല വിമാനത്താവളത്തിനുള്ള പ്രാഥമിക അനുമതി ലഭിച്ചിട്ടുള്ളതാണെന്നും പല ഘട്ടങ്ങളിലുണ്ടാകുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് വിമാനത്താവളം യാഥാർഥ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമീപ ഗ്രാമങ്ങളെ പദ്ധതി ബാധിക്കില്ല. ടെക്നൊളജികൾ വളർന്നു നിൽക്കുന്ന ഈ ലോകത്ത് സിഗ്നലുകളിലെ പ്രശനം പരിഹരിക്കാവുന്നതാണ്. രാജ്യാന്തര വിമാനത്താവളത്തിനു വേണ്ടത് 3000 മീറ്റർ നീളമുള്ള റൺവേയാണ്. ഇത് ചെറുവള്ളിയിൽ നിർമ്മിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർത്ഥാടനവും മറ്റും ചൂണ്ടിക്കാട്ടി ദൂരപരിധിയിൽ ഇളവ് നേടാനാകുമെന്നും വി.തുളസീദാസ് പറഞ്ഞു. വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നും ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് ഡയറ്കടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. റൺവേയ്ക്ക് ആവശ്യമായ നീളവും വീതിയും ഉറപ്പ് നൽകാനാകില്ല എന്നും മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിൽ നിലനിൽക്കുന്നതെന്നും പദ്ധതിയോടനുബന്ധിച്ചു രണ്ടു ഗ്രാമങ്ങളെ ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ജനവാസ കേന്ദ്രങ്ങളെ എത്രത്തോളം ബാധിക്കുമെന്നും സംസ്ഥാനം നൽകിയ പഠന റിപ്പോർട്ടിൽ ഇല്ല എന്നും ഡിജിസിഐ റിപ്പോർട്ടിൽ പറയുന്നു.