ആലപ്പുഴ: രാജ്യത്ത് ഏറ്റവും കൂടുതൽ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യൻ മിഷനറിമാരാണെന്നും മുസ്ലിം സമുദായക്കാരേക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതം മാറ്റിക്കുന്നതെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
അതേസമയം എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും മതം മാറ്റം പ്രോത്സാഹിപ്പിക്കുന്നില്ല എന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. പ്രാധാന്യമർഹിക്കുന്ന സ്ഥാനങ്ങളിരിക്കുന്ന ഫാദർ റോയ് കണ്ണഞ്ചിറ നടത്തിയ പരാമർശങ്ങൾ സംസ്കാരത്തിന് നിരക്കാത്തതാണെന്നും വൈദികപട്ടം ആരെയും എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.
മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെ തള്ളുകയായിരുന്നു. ലവ് ജിഹാദ് ഒരു പുതിയ കാര്യമല്ല, മുൻപും ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ വർഗീയവാദിയാക്കുകയായിരുന്നു എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇല്ലായ്മ ചൂഷണം ചെയ്തു രാജ്യത്ത് ക്രിസ്ത്യൻ മിഷനറിമാരാണ് കൂടുതൽ മതപരിവർത്തനം നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.