ആവിപറക്കുന്ന ചൂട് പൊറോട്ട കഴിക്കാം കോട്ടയം കോടിമതയിലെ പൊറോട്ട ഹൗസിൽ നിന്നും വെറും 5 രൂപയ്ക്ക്!


കോട്ടയം: നമ്മൾ മലയാളികളുടെ ഏറ്റവും ഇഷ്ട വിഭവമാണ് മാറിയിരിക്കുകയാണ് പൊറോട്ട എന്ന കാര്യത്തിൽ സംശയമില്ല. പുറത്തു നിന്നും ഭക്ഷണം കഴിക്കുമ്പോൾ എന്തുവേണമെന്ന ചോദ്യത്തിന് ആദ്യമെത്തുന്ന ഉത്തരവും പൊറോട്ട എന്നത് തന്നെ. അത്രമേൽ പ്രിയ വിഭവമായി മാറിയിരിക്കുന്നു നമുക്കിടയിൽ ഇന്ന് പൊറോട്ട.

ചിലയിടങ്ങളിൽ 10 രൂപയ്ക്കും മറ്റു ചിലയിടങ്ങളിൽ 15 രൂപയ്ക്കും പൊറോട്ട ലഭിക്കാറുണ്ട്. എന്നാൽ കോട്ടയം കോടിമതയിൽ വന്നാൽ ആവിപറക്കുന്ന ചൂട് പൊറോട്ട കഴിക്കാം നമ്മുടെ പൊറോട്ട ഹൗസിൽ നിന്നും വെറും 5 രൂപയ്ക്ക്. അതെ, ഇത് വെറുമൊരു വാക്കല്ല, പൊറോട്ടയ്‌ക്കും ചപ്പാത്തിക്കും പൊറോട്ട ഹൗസിൽ ഒന്നിന് 5 രൂപ മാത്രമാണ് ഈടാക്കുന്നത്. പൊറോട്ടയും ചപ്പാത്തിയും മാത്രമല്ല മറ്റു വിഭവങ്ങളും സ്‌പെഷ്യൽ വിഭവങ്ങളും ഇവരുടെ അടുക്കളയിൽ തയ്യാറാകുന്നുണ്ട്.

നാവിൽ കൊതിയൂറുന്ന രുചികരമായ ഭക്ഷണത്തിനൊപ്പം വയറും മനസ്സും നിറയും കോടിമതയിലെ പൊറോട്ട ഹൗസിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ. സാധാരണക്കാർക്ക് സുഭിക്ഷമായി ഭക്ഷണം കഴിക്കാനാകണം എന്ന ചിന്തയാണ് ഈ ഉദ്യമത്തിന് പിന്നിൽ. പൊറോട്ട ഏവർക്കും പ്രിയ വിഭവമാണ്. കോവിഡ് കാലമായതിനാൽ സാധാരണക്കാർക്കും മറ്റു ദൈനംദിന ജോലികൾ ചെയ്യുന്നവർക്കും വരുമാനം കുറവായിരിക്കും, ഈ സമയം 50 രൂപയ്ക്ക് 10 പൊറോട്ട എന്നത് പോക്കറ്റ് കാലിയാകാതെ സുഭിക്ഷമായി ഭക്ഷണം കഴിക്കാനാകും.

കോട്ടയം-ചങ്ങനാശ്ശേരി റോഡിൽ കോടിമത പാലത്തിനു സമീപമാണ് പൊറോട്ട ഹൗസ് പ്രവർത്തിക്കുന്നത്. 5 രൂപക്ക് പൊറോട്ട എന്ന് കേൾക്കുമ്പോൾ വലിപ്പം കുറവായിരിക്കുമെന്ന സംശയവും വേണ്ട, 10 രൂപയ്ക്കും 15 രൂപയ്ക്കും മറ്റു ഭക്ഷണ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന അതെ വലിപ്പത്തിൽ തന്നെയാണ് പൊറോട്ട ഹൗസിൽ പൊറോട്ട ലഭിക്കുന്നത്. പൊറോട്ടയ്‌ക്കും ചപ്പാത്തിക്കുമൊപ്പം ബിരിയാണിയും ചിക്കൻ വിഭവങ്ങളും ബീഫ് വിഭവങ്ങളും മറ്റു കറികളുമെല്ലാം ഇവിടെ ലഭ്യമാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. പാഴ്സലുകളും കൂടുതലായി വില്പനയുണ്ട്. പൊറോട്ട ഹൗസിലെ പൊറോട്ട ഹിറ്റായതോടെ പ്രതിദിനം മൂവായിരത്തിലധികം പൊറോട്ടയാണ് ഇവിടെ നിന്നും വിൽപ്പന നടത്തുന്നത്. നിരവധിയാളുകളാണ് ഇപ്പോൾ ഭക്ഷണം കഴിക്കാനായി എത്തുന്നതെന്നും ഒരുപാടാളുകൾ കേട്ടറിഞ്ഞു എത്തുന്നുണ്ടെന്നും രുചികരമായ ഭക്ഷണം പോക്കറ്റ് കാലിയാകാതെ നൽകുക എന്നതാണ് ലക്ഷ്യമെന്നും പൊറോട്ട ഹൗസിന്റെ ഉടമ ക്രിസ്റ്റ്യൻ പറയുന്നു. രുചി വൈവിധ്യമായ വിഭവങ്ങൾ തയ്യാറാക്കി വിളമ്പുന്നതിനായി പതിനേഴോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 9 മണി വരെയാണ് പ്രവർത്തനം.