കോട്ടയം: മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലയില്‍ പൂര്‍ത്തീകരിച്ച 18 ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി വൃത്തിയും ശുചിത്വവും സുരക്ഷിതത്വവുമുള്ള പൊതുശുചിമുറികളും അനുബന്ധ വിശ്രമകേന്ദ്രങ്ങളും ഒരുക്കുന്നതാണ് പദ്ധതി. പ്രധാന പാതയോരങ്ങള്‍, പാതയോരങ്ങളിലെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസ് പരിസരം, വാണിജ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍റ്, ബസ് സ്റ്റോപ്പ് പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ സംവിധാനം സജ്ജമാക്കുക.
വൈക്കം മുനിസിപ്പല്‍ ഓഫീസ്, ഈരാറ്റുപേട്ട പി.എച്ച്.സി പരിസരം, കോട്ടയം നാഗമ്പടം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, കല്ലറ ചന്തപ്പറമ്പ്, കല്ലറ പകല്‍വീടിന് സമീപം, മൂന്നിലവ് പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, നീണ്ടൂര്‍ പ്രാവട്ടം മാര്‍ക്കറ്റ്, കൊഴുവനാല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പാറത്തോട്, ഭരണങ്ങാനം, തിടനാട്, വെളിയന്നൂര്‍, പൊന്‍കുന്നം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, എരുമേലി ഓരുങ്കല്‍കടവ്, എരുമേലി പേരൂര്‍തോട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കടനാട് എന്നിവിടങ്ങളിലാണ് പൊതുശുചിമുറികളുടെയും വിശ്രമകേന്ദ്രങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. ബേസിക്, സ്റ്റാന്‍ഡേഡ്, പ്രീമിയം വിഭാഗങ്ങളിലാണ് ശുചിമുറികള്‍ സജ്ജീകരിക്കുന്നത്. ബേസിക് വിഭാഗത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഓരോന്നും സ്റ്റാന്‍ഡേഡ്, പ്രീമിയം വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും രണ്ടു വീതവും ശുചിമുറികളുണ്ട്. പ്രീമിയം വിഭാഗത്തില്‍ കഫറ്റേരിയകളും ഉണ്ടായിരിക്കും. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണങ്ങളുമുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വിശ്രമ കേന്ദ്രങ്ങളില്‍ പത്തെണ്ണം ബേസിക് വിഭാഗത്തിലും എട്ടെണ്ണം സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിലുമാണ്. പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്‍റീവ് ഗ്രാന്‍റ്, ശുചിത്വ കേരളം ഫണ്ട്, പഞ്ചായത്ത് പ്ലാന്‍ ഫണ്ട്, ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ്, സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഫണ്ട് എന്നിവ വിനിയോഗിച്ച് കോട്ടയം ജില്ലയില്‍ 127 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.