കോട്ടയം: കോട്ടയം ജില്ലയ്ക്ക് ഇന്ന് ദുഃഖ വാർത്തകളുടെ കറുത്ത തിങ്കളാഴ്ച്ചയായിരുന്നു. നാടിനെ നടുക്കിയ 2 അപകടങ്ങളിലായി ജില്ലയിൽ ഇന്ന് രാവിലെ പൊലിഞ്ഞത് 3 ജീവനുകളാണ്. പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയിൽ മണിമലയിൽ നിർത്തിയിട്ട ടിപ്പറിൽ കാറിടിച്ച് 2 പേർക്ക് ദാരുണാന്ത്യം സംഭവിച്ച വാർത്തയറിഞ്ഞാണ് നാടുണർന്നത്.
ഇന്ന് രാവിലെ 6 മണിയോടെ മണിമല ബിഎസ്എൻഎൽ ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. റോഡരുകിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. വലിയ ശബ്ദം കേട്ടു ഓടിയെത്തിയ സമീപവാസികളാണ് അപകടത്തിൽ പരിക്കേറ്റവരെ കാറിൽ നിന്നും പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ചാമംപതാൽ ഇളങ്ങോയി സ്വദേശിനി തടത്തിലാങ്കൽ രേഷ്മ ജോർജ്(30), ചാമംപതാൽ കിഴക്കേമുറിയിൽ ഷാരോൺ സജി(18) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. 5 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനു തൊട്ടു പിന്നാലെയാണ് വൈക്കത്ത് ആരോഗ്യ പ്രവർത്തകർ സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽപ്പെട്ടു ആരോഗ്യ പ്രവർത്തക മരിച്ച വാർത്ത എത്തുന്നത്.
തലയോലപ്പറമ്പ് പൊതി മേഴ്സി ആശുപത്രിയിലെ ജീവനക്കാരിയായ വടയാർ തണ്ണിക്കുഴി നികർത്തിൽ സനജ സനൻ(35) ആണ് മരിച്ചത്. വൈക്കം വല്യകവലയ്ക്ക് സമീപം വൈപ്പിൻപടിയിലായിരുന്നു അപകടം ഉണ്ടായത്.
കാറിലിടിക്കാതിരിക്കുന്നതിനായി ആംബുലൻസ് വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ സനജയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായിരുന്ന വൈക്കം കണിയാംതോട് സ്വദേശിനി ജെസി, ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.