വൈക്കം: വൈക്കത്ത് ആംബുലൻസ് മറിഞ്ഞു ആശുപത്രി ജീവനക്കാരി മരിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവറടക്കം 3 പേർക്ക് പരിക്കേറ്റു. തലയോലപ്പറമ്പ് പൊതി മേഴ്സി ആശുപത്രിയിലെ ജീവനക്കാരിയായ വടയാർ തണ്ണിക്കുഴി നികർത്തിൽ സനജ സനൻ(35) ആണ് മരിച്ചത്.
വൈക്കം വല്യകവലയ്ക്ക് സമീപം വൈപ്പിൻപടിയിലായിരുന്നു അപകടം ഉണ്ടായത്. കാറിലിടിക്കാതിരിക്കുന്നതിനായി ആംബുലൻസ് വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായിരുന്ന വൈക്കം കണിയാംതോട് സ്വദേശിനി ജെസി, ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ സനജയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.