വൈക്കം താലൂക്ക് ആശുപത്രിക്ക് 82.13 കോടി ചെലവിൽ പുതിയ കെട്ടിടം.


വൈക്കം: ആർദ്രം മിഷന്റെ ഭാഗമായി വൈക്കം താലൂക്ക് ആശുപത്രിയിൽ 82.13 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കും. കിഫ്ബിവഴി ആദ്യഘട്ടത്തിൽ 67.96 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. 

രണ്ടാം ഘട്ടത്തിൽ ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റ് അടിസ്ഥാനസൗകര്യവികസനങ്ങൾക്കുമായി ബാക്കി തുക അനുവദിക്കും. നിലവിലുള്ള ലേബർ റൂം, പഴയ തീയറ്റർ, കുട്ടികളുടെ വാർഡ്, പാലിയേറ്റീവ് വാർഡ്, കോൺഫറൻസ് ഹാൾ, ലേബർ വാർഡ്, പഴയ മോർച്ചറി കെട്ടിടം, അടുക്കള, ഒന്നാം വാർഡ്, സ്ത്രീകളുടെ വാർഡ്, ഐസോലേഷൻ വാർഡ്, ഓഫീസ് എന്നിവ പൊളിച്ചു മാറ്റി പുതിയതായി നിർമിക്കും. 

രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നാലു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ സ്‌പെഷലൈസേഷൻ ഒ.പികൾ, ബ്ലഡ് ബാങ്ക് എന്നിവ കൂടി ഉൾപ്പെടുത്തും. കെട്ടിട നിർമാണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളത്. കെട്ടിട നിർമാണത്തിന്റെ പ്രാരംഭ നടപടിയായി മണ്ണുപരിശോധന പൂർത്തിയാക്കി. 

കിഫ്ബി, ഹൗസിങ് ബോർഡ്, ആരോഗ്യവകുപ്പ് എന്നിവർ സ്ഥലപരിശോധന നടത്തിയശേഷമാണ് മണ്ണുപരിശോധന ആരംഭിച്ചത്. സി.കെ. ആശ എം.എൽ.എ. സ്ഥലം സന്ദർശിച്ചു. വേമ്പനാട് കായൽ പ്രദേശമായതിനാൽ കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം കൂടി നേടേണ്ടതുണ്ട്. തീരദേശ പരിപാലന അതോറിറ്റി ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പരിശോധന നടത്തി. ഹൗസിംഗ് ബോർഡിനാണ് നിർമാണച്ചുമതല.