വേമ്പനാട് കായൽ ശുചീകരണവും സംരക്ഷണവും; ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസിൽ യോഗം ചേർന്നു.


ഏറ്റുമാനൂർ: വേമ്പനാട് കായൽ ശുചീകരണവും സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയത്തിൽ രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.

 

 യോഗത്തിൽ ബ്ലോക്ക് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ സെപ്റ്റംബർ 10ന് മുമ്പായി കോഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കുന്നതിനും വാർഡ് തലത്തിലുള്ള ജനകീയ കമ്മിറ്റികൾ പരിസ്ഥിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, സംഘടനാ പ്രതിനിധികൾ, ജനകീയ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, ടൂറിസം മേഖല പ്രതിനിധികൾ, ഹൗസ്ബോട്ട് പ്രതിനിധികൾ, തുടങ്ങിയവരെ ഉൾപ്പെടുത്തി സെപ്റ്റംബർ 15 നകം ചേരാനും തീരുമാനമായി.

 

 കായൽ ശുചീകരണവും സംരക്ഷണവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ്, പരിസ്ഥിതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, കൃഷിവകുപ്പ്, ഹൈഡ്രോളജി വകുപ്പ്, എന്നിവരുടെ ചുമതലയിൽ പ്രോജക്ടുകൾ തയ്യാറാക്കുവാനും യോഗം തീരുമാനിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.