അതിദരിദ്രരെ കണ്ടെത്തൽ സാമൂഹിക പരിഷ്‌ക്കരണത്തിന്റെ ചവിട്ടുപടി: കളക്ടർ.


കോട്ടയം: സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അവർക്കാവശ്യമുള്ള സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നത് സാമൂഹിക പരിഷ്‌ക്കരണത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷൻമാർക്കായി നടത്തിയ ഏകദിന മുഖാമുഖ പരിശീലനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടർ.


വാർഡുതല ജനകീയ സമിതികൾ വഴി പദ്ധതി ഫലപ്രദമായി പൂർത്തിയാക്കാൻ സാധിക്കും. അതിദരിദ്രരെ കണ്ടെത്തി ഓരോ കുടുംബത്തിനും ജീവിതം തുടർന്നു കൊണ്ടു പോകാനുതകുന്ന ജീവനോപാധികൾ കണ്ടെത്തിക്കൊടുക്കുകയോ അതിന് സാധിക്കാത്തവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയോ ആണ് പദ്ധതിയുടെ ലക്ഷ്യം. ഡിസംബറോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു കളക്ടർ പറഞ്ഞു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, തദ്ദേശസ്ഥാപന അധ്യക്ഷർ എന്നിവർ പങ്കെടുത്തു.