ഒറ്റ നിമിഷത്തിൽ ഇരച്ചെത്തി വെള്ളം, മഴക്കലിയിൽ നടുക്കം വിട്ടുമാറാതെ എരുമേലിക്കാർ.


എരുമേലി: കനത്ത മഴയിൽ വെള്ളം ഇരച്ചെത്തിയ നടുക്കത്തിൽ നിന്നും എരുമേലി നിവാസികൾ മോചിതരായിട്ടില്ല. വെള്ളിയാഴ്ച്ച വൈകിട്ടോടെ ആരംഭിച്ച മഴ ശനിയാഴ്ച രാവിലെയോടെ ശക്തി പ്രാപിച്ച് പ്രളയത്തിന് വഴി മാറുകയായിരുന്നു. കനത്ത മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലയായ കൂട്ടിക്കലിൽ ഉരുൾപൊട്ടിയതോടെ മണിമലയാറ്റിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. എരുമേലി വലിയ തോട്ടിൽ ജലനിരപ്പ് ഉയർന്നത്തോടെ കൊരട്ടി മണിമലയറിലേക്കുള്ള വെള്ളമോഴുക്ക് തടസ്സപ്പെടുകയും വലിയ തോട്ടിൽ ജലനിരപ്പ് ഉയരുകയുമായിരുന്നു. ഒരു നിമിഷത്തിലാണ് ഇരച്ചെത്തിയ വെള്ളം എരുമേലി നഗരത്തിലേക്ക് ഒഴുകിയെത്തിയത്. എരുമേലി വലിയ അമ്പലത്തിൽ വെള്ളം കയറി. എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും രാജാപ്പടി മുതൽ കവല വരെയും കാഞ്ഞിരപ്പള്ളി റോഡിൽ സെന്റ്. തോമസ് സ്കൂൾ ജംഗ്ഷൻ മുതൽ കൊരട്ടി വരെയും ഒരാൾ പൊക്കത്തിലധികം വെള്ളം ഉയർന്നു കയറുകയായിരുന്നു. എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി വരെയുള്ള ഭാഗത്ത് വെള്ളം കയറി ഗതാഗതം സാധ്യമായില്ല. കെ എസ് ആർ ടി സി ഓഫീസിലും റേഷൻ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. എരുമേലിയുടെ ചരിത്രത്തിൽ ആദ്യമായാണ് നഗരത്തിൽ ഇത്രത്തോളം ഉയർന്നു വെള്ളമെത്തുന്നതെന്നു മുതിർന്നവരും പറയുന്നു. ഒരു നിമിഷത്തിൽ വെള്ളത്തിന്റെ നിലയിൽ ഉയർച്ച ഉണ്ടായത്തോടെ സമീപവാസികൾ ആശങ്കയിലായിരുന്നു. നിരവധി വീടുകളിൽ വെള്ളം കയറി. 2 എ ടി എം കൗണ്ടാറുകളിൽ വെള്ളം കയറി പ്രവർത്തന രഹിതമായി. അതേസമയം എരുമേലി പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ് റോഡിലും ബസ്സ് സ്റ്റാൻഡിലും വെള്ളം കയറിയില്ല. അക്ഷയ കേന്ദ്രത്തിലും കൃഷി ഭവനിലും വെള്ളം കയറി.