ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു, കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്! മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം.


കോട്ടയം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൽക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ഇപ്പോൾ ശ്രീലങ്കൻ തീരത്തിനു സമീപമായാണ് നിൽക്കുന്നത്. ന്യുന മർദ്ദം ശക്തി പ്രാപിച്ച് കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ 6 ജില്ലകളിൽ കേന്ദ്ര കാലവസ്ഥാ വകുപ്പ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ന്യുന മർദ്ദത്തിന്റെയും ചക്രവാത ചുഴിയുടെയും സ്വാധീന ഫലമായി നവംബർ ഒന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലുള്ളവരും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായും ഒഴിവാക്കണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യുന മർദ്ദം ആണ് ഇത്.