കൂട്ടിക്കൽ: ദുരിതപ്പെയ്ത്തിൽ കരുതലായവർക്ക് നിറമിഴികളോടെ യാത്ര ചൊല്ലി കൂട്ടിക്കൽ നിവാസികൾ. നിനച്ചിരിക്കാത്ത നേരത്ത് പെയ്തിറങ്ങിയ ദുരന്ത മുഖത്ത് കൂട്ടിക്കലിന് കരുതലായി നിസ്വാർത്ഥ സേവനമായി ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ ആർമിയെ കൂട്ടിക്കൽ നിവാസികൾ നിറകണ്ണുകളോടെയാണ് യാത്രയാക്കിയത്.
കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലും പ്രളയവും കൂട്ടിക്കൽ ഉൾപ്പടെയുള്ള മേഖലകളിൽ ദുരന്തം വിതച്ചപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കുമായി എത്തിയതായിരുന്നു സൈന്യം. കൂട്ടിക്കലിലെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്പേഴ്സണും ജില്ലാ കലക്ടറുമായി ഡോ. പി കെ ജയശ്രീ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടു കത്തു നൽകുകയായിരുന്നു. തുടർന്ന് സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം സൈന്യം കൂട്ടിക്കലിലേക്ക് എത്തുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കും മേഖലയിലെ മറ്റു അവശ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ശേഷം ഒരാഴ്ച്ച മുൻപ് എത്തിയ സൈന്യം ഇന്നലെ മടങ്ങി. അപകടസ്ഥലത്ത് കാണാതായവർക്കുള്ള തെരച്ചിലിലും ദുരീതബാധിതർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിലും സൈന്യം മുന്നിലുണ്ടായിരുന്നു. ഏഴോളം ട്രാക്കുകളിലായി അറുപതിലധികം സേനാംഗങ്ങളാണ് കൂട്ടിക്കലിന്റെ ദുരന്ത ഭൂമിയിൽ എത്തിയത്. തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളെ ആദരിച്ചു. സൈന്യത്തെ ആദരവോടെ കൈവീശി യാത്രയാക്കാൻ നിരവധിപ്പേരാണ് എത്തിയിരുന്നത്.