തിരുവനന്തപുരം: അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (APEDA) ചക്ക, പാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ 15 മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് തുടക്കമിട്ടു.
അപേഡ ചെയർമാൻ ഡോ. എം. അംഗമുത്തു, കൃഷിവകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ കയറ്റുമതി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ സംബന്ധിച്ചു. സിംഗപ്പൂർ, നേപ്പാൾ, ഖത്തർ, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചക്ക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഓസ്‌ട്രേലിയയിലേക്കാണ് പാഷൻ ഫ്രൂട്ട് ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്നത്. ഒരു വർഷത്തെ ഷെൽഫ് ലൈഫ് ഉള്ള ചക്ക, പാഷൻ ഫ്രൂട്ട്, ജാതിക്ക എന്നിവയുടെ ഒരു മെട്രിക് ടണുള്ള മൂല്യവർധിത ഉത്പന്നങ്ങളാണ് തൃശ്ശൂരിൽ നിന്ന് ഓസ്ട്രേലിയയിലെ മെൽബണിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി സംഭരിച്ചത്. ചക്ക സ്‌ക്വാഷ്, ചക്ക പൗഡർ, ഉണങ്ങിയ ചക്ക, ചക്ക പുട്ട്‌പൊടി, ചക്ക ചപ്പാത്തി പൗഡർ, ചക്കദോസ / ഇഡ്ഡലി പൊടി, ചക്ക ഉപ്പ്മ പൗഡർ, ചക്ക അച്ചാർ, ചക്ക ചിപ്‌സ്, ചക്കവരട്ടി, ചക്ക ഫ്രൂട്ട് പൾപ്പ്, പാഷൻ ഫ്രൂട്ട് സ്‌ക്വാഷ്, ജാതിക്ക സ്‌ക്വാഷ്, ജാതിക്ക മിഠായി, ജാതിക്ക അച്ചാർ എന്നിവയാണ് കയറ്റുമതി ചെയ്യുന്ന പ്രധാന ഉത്പന്നങ്ങൾ.