അപ്രതീക്ഷിത ദുരിതത്തിൽ നിന്നും കരകയറാനൊരുങ്ങി എയ്ഞ്ചൽ വാലിയിലെ ജനങ്ങൾ, മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ.

എരുമേലി: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ എരുമേലിയുടെ കിഴക്കൻ മേഖലയായ എയ്ഞ്ചൽ വാലിയിലുണ്ടായത് വ്യാപക നാശനഷ്ടങ്ങൾ. ഏഴുകുമമണ്ണ്, എയ്ഞ്ചൽവാലി മേഖലകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

ഉച്ചകഴിഞ്ഞു 3 മണിയോടെ ആരംഭിച്ച മഴയിൽ രണ്ടു സ്ഥലങ്ങളിലും ഉരുൾപൊട്ടുകയായിരുന്നു. ആളപായങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും മേഖലയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പള്ളിപ്പടി, വളയത്ത് പടി, എന്നിവിടങ്ങളിൽ വെള്ളം കയറി. കനത്ത മഴയിൽ വെള്ളം ഇരച്ചെത്തിയതോടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയായിരുന്നു. പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി, ലേഡീസ് സ്റ്റോർ, റബ്ബർ വ്യാപാര കട എന്നീ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിതമായി വെള്ളമെത്തിയതോടെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ വ്യാപാരികൾക്ക് സാധിച്ചില്ല. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി വീടുകളുടെ സംരക്ഷണഭിത്തികൾ തകർന്നു. ഉരുൾപൊട്ടി വെള്ളം ഉയർന്നതോടെ മേഖലയിലുള്ളവർ ബന്ധുവീടുകളിൽ അഭയം തേടുകയായിരുന്നു. കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചു വരുന്നതിൽ സംശയം തോന്നിയ സമീപ വാസികൾ ബന്ധു വീടുകളിലേക്ക് മാറിയതിനാൽ ആളപായം ഒന്നും സംഭവിച്ചിട്ടില്ല. എയ്ഞ്ചൽവാലിയിൽ മലമുകളിൽ റബ്ബർ തോട്ടത്തിലാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയതിനെ തുടർന്ന് ഒഴുകി വന്ന വലിയ കല്ലുകളും പാറക്കൂട്ടങ്ങളും ഏറെയും തട്ടുതട്ടായി കിടക്കുന്ന റബ്ബർ തോട്ടത്തിൽ തന്നെ തടഞ്ഞു കിടക്കുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ സമീപത്തെ വീടിന്റെ സംരക്ഷണഭിത്തി തകരുകയും വീടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറുകയുമായിരുന്നു. കല്ലും മണ്ണും ഒഴുകിയെത്തിയതോടെ വെള്ളം ഒഴുകുന്നതിനായി ഉണ്ടായിരുന്ന തോട് അടഞ്ഞു പോകുകയും സമീപത്തെ വീട്ടിലേക്ക് വെള്ളം ഇരച്ചു കയറുകയുമായിരുന്നു. ശക്തമായ വെള്ളമൊഴുക്കു കണ്ട് അപകടം തോന്നിയ വീട്ടുകാർ ഉടൻ തന്നെ ബന്ധു വീട്ടിലേക്ക് മാറുകയായിരുന്നു. തുടർന്ന് ഉരുൾപൊട്ടി കല്ലും മണ്ണും ഉൾപ്പെടെ വെള്ളം വീടിനുള്ളിലേക്ക് കുതിച്ചെത്തുകയായിരുന്നു. കനത്ത മഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളം നിരവധി വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടാക്കി. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോ മലവെള്ള പാച്ചിലിൽ ഒലിച്ചു പോകുകയായിരുന്നു. കുത്തൊഴുക്കിൽ തോട്ടിലൂടെ അര കിലോമീറ്ററോളം ഒഴുകി തടഞ്ഞു കിടക്കുകയായിരുന്നു. ഓട്ടോ പൂർണ്ണമായും നശിച്ചു.പള്ളിപ്പടിക്കൽ നിർത്തിയിട്ടിരുന്ന 2 ഓട്ടോ ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ കയർ കെട്ടി സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചു മാറ്റുകയായിരുന്നു. ഇരുചക്ര വാഹനങ്ങളും ഒഴുക്കിൽപ്പെട്ടു. നിരവധി കൃഷി നാശങ്ങളും മേഖലയിൽ സംഭവിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ശുചീകരിക്കാൻ ആരംഭിച്ചു. നാട്ടുകാരുടെയും വീട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്. നാശനഷ്ടങ്ങൾ എരുമേലി വില്ലേജ് ഓഫീസർ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്, വാർഡ്‌ മെമ്പർ എന്നിവർ സന്ദർശിച്ചു വിലയിരുത്തി.