ഭാരതത്തിൻ്റെ പ്രഥമ പൗരനായിരുന്ന മലയാളിയെ മനഃപൂർവ്വം മറക്കുന്നത് ദളിതനായത് കൊണ്ടാണോ? കെ ആർ നാരായണന്റെ സ്മൃതി മണ്ഡപം നവീകരിക്കണം; പി സി ജോർജ്.


ഈരാറ്റുപേട്ട: ഭാരതത്തിൻ്റെ പ്രഥമ പൗരനും മലയാളിയും കോട്ടയം സ്വദേശിയുമായ കെ ആർ നാരായണനെ മറക്കുന്നത് അദ്ദേഹം ദളിതനായത് കൊണ്ടാണോ എന്ന് മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്.

2019 നവംബറിൽ അദ്ദേഹത്തിൻറെ തകർന്ന് കിടക്കുന്ന സ്മൃതി മണ്ഡപം നേരിൽകണ്ട് അവഗണന ബോധ്യപ്പെട്ടതിനാൽ നിയമസഭയിൽ ഈ പ്രശനം അവതരിപ്പിക്കുകയും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ഉടൻ നടപടികൾ ആരംഭിക്കുമെന്നും മറുപടിയായി അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് സഭയിൽ പറഞ്ഞിരുന്നതായും പി സി ജോർജ് പറഞ്ഞു. എന്നാൽ നാളിതുവരെയായിട്ടും കെ ആർ നാരായണന്റെ സ്മൃതി മണ്ഡപം നവീകരിക്കാൻ സർക്കാർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല എന്നും പി സി ജോർജ് പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും തകർത്ത് റാങ്കോടുകൂടി ബിരുദം പാസ്സായ കെ ആർ നാരായണൻ എന്ന മഹത് വ്യക്തി അലങ്കരിച്ച പദവികൾ തന്നെ അദ്ധേഹത്തിൻ്റെ ഔന്നിത്യം വിളിച്ചോതുന്നതാണ്. മലയാളിയായിട്ട് കൂടി ഈ നാട് ഈ വിശ്വപൗരനെ മറക്കാൻ ശ്രമിച്ചാൽ അതനുവദിക്കാൻ സൗകര്യമില്ല എന്നും മലയാളിയെന്നഭിമാനിക്കുന്ന നമ്മൾ ഓരോരുത്തരും ഈ അവഗണനക്കെതിരെ ശബ്‌ദിച്ചേ മതിയാകൂ എന്നും പി സി ജോർജ് പറഞ്ഞു.