വാഴൂർ പ്ലാവ് ഗ്രാമമാകുന്നു; പ്ലാവ് വണ്ടി പര്യടനം തുടങ്ങി -ആദ്യഘട്ടത്തിൽ 1600 കുടുംബങ്ങൾക്ക് പ്ലാവിൻ തൈ നൽകും.


കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ പ്ലാവ് ഗ്രാമമാകാനുള്ള പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും  പ്ലാവിൻ തൈകൾ വാഹനത്തിൽ എത്തിക്കുന്നതിനുള്ള നടപടികളാരംഭിച്ചു.


ആദ്യഘട്ടത്തിൽ 1600 കുടുംബങ്ങൾക്കാണ് സൗജന്യമായി പ്ലാവിൻ തൈകൾ നൽകുന്നത്. വിയറ്റ്നാം സൂപ്പർ ഏർലി  തൈകളാണ് വിതരണം ചെയ്യുന്നത്. ഒന്നര വർഷം മുതൽ മൂന്നു വർഷത്തിനകം ഫലം നൽകുന്ന തൈകളാണിവ. വർഷത്തിൽ ഒന്നിലധികം തവണ കായ്ക്കുന്ന ഇവയ്ക്ക് സ്ഥലപരിമിതിയും പ്രശ്നമല്ല. ചെറിയ വീപ്പകളിലും നടാം. 

1.50 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. പ്ലാവിൻ തൈ പരിപാലനത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. പ്ലാവിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ഹരിതകർമ്മ സേനയുടെ  നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി വിലയിരുത്തും.

പദ്ധതിയിൽ ഉൾപ്പെട്ടവരുടെ വീടുകളിലേയ്ക്കുള്ള പ്ലാവ് വണ്ടിയുടെ പര്യടനം കൃഷി ഓഫീസർ ജി. അരുൺ കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. 

സമ്പൂർണ്ണ പ്ലാവ് ഗ്രാമമാകുന്നതോടെ പഞ്ചായത്തിൽ ചക്ക സംസ്‌ക്കരണ യൂണിറ്റ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗ്രാമ പഞ്ചായത്ത്  പ്രസി ഡന്റ്  വി.പി. റെജി പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്മാർ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.