ജനങ്ങളിൽ രക്തദാന അവബോധം വളർത്തണം; മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: രക്തദാനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെയും കുട്ടികൾക്കു നൽകുന്ന ന്യൂമോകോക്കൽ കോൺജ്യൂഗേറ്റ് വാക്സിൻ(പി.സി.വി.) വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് രക്തദാനത്തിൽ വന്നിട്ടുള്ള കുറവ് പരിഹരിക്കപ്പെടണം. യുവജനങ്ങൾ രക്തദാനത്തിന് മുന്നോട്ടുവരുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയായി. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി രക്തം ദാനം ചെയ്ത് നിർവഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, മഞ്ജു സുജിത്ത്, ജെസി സാജൻ, ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, റെജി എം. ഫിലിപ്പോസ്, പി.കെ. വൈശാഖ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ്മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ്‌ഫോറം ജനറൽ കൺവീനർ ഷിബു തേക്കേമറ്റം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.എൻ. വിദ്യാധരൻ എന്നിവർ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, ഹൈമി ബോബി, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവ രക്തം ദാനം ചെയ്തു.