കോട്ടയം: എറണാകുളം രാജഗിരി ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവുമായി മമ്മൂക്കയുടെ മെഡിക്കൽ സംഘം ഇന്ന് രാവിലെ 9 മണി മുതൽ പ്രളയം ബാധിച്ച കൂട്ടിക്കൽ മേഖലകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.
പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച കൂട്ടിക്കലിലും മറ്റു മേഖലകളിലും ആവശ്യമായ സഹായം എത്തിക്കുന്നതിന് മമ്മൂക്കയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ മുതൽ ഒരു സംഘം ആളുകൾ കൂട്ടിക്കലിൽ ക്യാമ്പ് ചെയ്ത് ആവശ്യമായ കാര്യങ്ങൾ ചെയ്ത് വരികയാണ്. സംസ്ഥാന സർക്കാരിനൊപ്പം കൂട്ടിക്കൽ മേഖലയിലെ ജനങ്ങൾക്ക് കൈത്താങ്ങാവുകയാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. പ്രളയ ബാധിത മേഖലകളിലെ ജനങ്ങൾക്ക് കുടിവെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ഉതകും വിധത്തിൽ 150 പുതിയ ജല സംഭരണികൾ കോയമ്പത്തൂരിൽ നിന്നും കോട്ടയത്ത് എത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം രണ്ടായിരത്തിലധികം ആളുകൾക്ക് നിത്യോപയോഗത്തിനു ആവശ്യമായ സഹായം എത്തിക്കുന്നതിനുള്ള സാധനങ്ങൾ ഇന്ന് എത്തിച്ചേരും.