ചങ്ങനാശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലുള്ളതാക്കി മാറ്റുവാനുള്ള നടപടികൾ ആരംഭിച്ചു; ജോബ് മൈക്കിൾ.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലുള്ളതാക്കി മാറ്റുവാനുള്ള നടപടികൾ ആരംഭിച്ചതായി ചങ്ങനാശ്ശേരി എംഎൽഎ അഡ്വ.ജോബ് മൈക്കിൾ പറഞ്ഞു.

 

 മുൻസിപ്പൽ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലുള്ളതാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിലവിലുള്ള സ്റ്റേഡിയം വിലയിരുത്തുവാൻ എത്തിയ അവസരത്തിൽ ആണ് ഈ വിവരമറിയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാനുമായി കഴിഞ്ഞയിടെ നടത്തിയ ചർച്ചയാണ് പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിക്കാൻ കാരണമായത് എന്ന് എംഎൽഎ ജോബ് മൈക്കിൾ പറഞ്ഞു. അഞ്ചു കോടി രൂപയാണ് നിർമാണ ചെലവ്. രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് ഫുടബോൾ ടർഫ് ആണ് ഇതിലെ മുഖ്യ ആകർഷണം. ഇതുകൂടാതെ നിലവിലുള്ള ഗാലറിക്കു മുകളിൽ രാജ്യാന്തര നിലവാരത്തിലുള്ള ടെൻസിൽ ഉപയോഗിച്ചുള്ള മേൽക്കൂര, വോളിബോൾ കോർട്, ശൗചാലയങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ഡ്രസിങ് റൂമുകൾ, ഡ്രൈനേജ് ഫെസിലിറ്റി തുടങ്ങിയവയാണ് പദ്ധതിയിൽ ഉള്ളത്. ഇക്കാര്യങ്ങൾക്കായി മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ സന്ധ്യ മനോജ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ബീന ജോബി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കുഞ്ഞുമോൾ സാബു, കായിക വകുപ്പിന്റെ ചീഫ് എൻജിനീയർ കൃഷ്ണൻ ബി ടി വി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ ബിജു, അസിസ്റ്റന്റ് എൻജിനീയർ അർജുൻ വി തുടങ്ങിയവരോടൊപ്പം സ്റ്റേഡിയം സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തി.