ഒരു വര്‍ഷമായി നിര്‍മ്മാണം നിലച്ച ചേര്‍പ്പുങ്കല്‍ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.


പാലാ: ഒരു വര്‍ഷമായി നിര്‍മ്മാണം നിലച്ച കോട്ടയം കിടങ്ങൂര്‍ ചേര്‍പ്പുങ്കല്‍ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. മീനച്ചിലാറിനു കുറുകെ ചേര്‍പ്പുങ്കല്‍ പാലത്തോടുചേര്‍ന്ന് തന്നെയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ നിയമ പ്രശനങ്ങളെ തുടർന്ന് നിർമ്മാണം നിലച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരനുമായി തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിൽ തടസ്സങ്ങള്‍ നീക്കി നിര്‍മാണം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. 9.89 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണത്തിനായുള്ള അടങ്കല്‍ത്തുക. 2019 ജനുവരിയില്‍ ഇതിന്റെ ജോലികള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഫൗണ്ടേഷന്റെയും തൂണുകളുടെയും പണി പൂര്‍ത്തിയായതിനു പിന്നാലെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ നിയമ പ്രശനങ്ങളെ തുടർന്ന്  പണി തടസ്സപ്പെടുകയായിരുന്നു. പഴയ പാലത്തിന്റെ വീതിക്കുറവ് കാരണം ഗതാഗതക്കുരുക്കു മൂലം യാത്രക്കാരും കാൽനട യാത്രക്കാരും ഏറെ ബുദ്ധിമുട്ടിയിരുന്നു. പാലത്തിനു വീതി കുറവായിരുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിലൂടെയുള്ള കാൽനട യാത്ര അപകടം പിടിച്ചതായിരുന്നു. മീനച്ചിലാറിനുകുറുകെ ചേർപ്പുങ്കൽ പാലത്തോടുചേർന്ന‌് തന്നെയാണ്  സമാന്തര പാലത്തിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നത്.