കോട്ടയം ബേക്കർ സ്കൂളിലെ വാക്സിനേഷനിൽ 'സീറോ കംപ്ലയിൻ്റ് ' സെന്ററാക്കി സിവിൽ ഡിഫൻസ്.


കോട്ടയം: കോട്ടയം ജില്ലയിലെ സ്ഥിരം വാക്സിനേഷൻ കേന്ദ്രമായ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ കഴിഞ്ഞ ഏപ്രിൽ മാസമുണ്ടായ ജനത്തിരക്ക് നിയന്ത്രിക്കാനായി പോലീസും ആരോഗ്യ വകുപ്പും കിണഞ്ഞു പരിശ്രമിക്കുന്നത് സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ജനശ്രദ്ധ കേന്ദ്രീകരിച്ച സംഭവമായിരുന്നു.

 

 കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാനായി എത്തിയവർ തിക്കിത്തിരക്കിയതോടെ ജനങ്ങളെ നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഒരുപാട് ബുദ്ധിമുട്ടുന്ന സ്ഥിതിയിലായിരുന്നു. പലപ്പോഴും തർക്കങ്ങൾക്കും വാക്സിനേഷൻ കേന്ദ്രം വേദിയായിരുന്നു. വാക്സിൻ വിതരണ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരും പോലീസും പൊതുജനങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും വാക്സിൻ വിതരണ കേന്ദ്രം വൈറസ് വിതരണ കേന്ദ്രമാകുന്നു എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയപ്പോഴാണ് സെന്ററിൽ സിവിൽ ഡിഫൻസിന്റെ സേവനം തേടിയത്. തുടർന്ന് കഴിഞ്ഞ ആറു മാസക്കാലമായി കോട്ടയം ബേക്കർ സ്കൂളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ സെന്ററിനെ 'സീറോ കംപ്ലയിൻ്റ് ' സെന്ററാക്കി മാറ്റി സിവിൽ ഡിഫൻസ് അംഗങ്ങൾ. കോട്ടയം സ്റ്റേഷനീലെ സിവിൽ ഡിഫൻസ് അംഗങ്ങളാണ് വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെയും വാഹനങ്ങളുടെയും തിരക്ക് നിയന്ത്രിക്കുന്നതും കൃത്യമായ സമയത്ത് മുന്ഗണനയനുസരിച്ച് വാക്സിനേഷനായി കയറ്റി വിടുകയും ചെയ്യുന്നത്. ബേക്കർ സ്‌കൂളിലെ വാക്സിനേഷൻ സെന്ററിൽ മാത്രമല്ല കോട്ടയത്തെ മറ്റു വാക്സിനേഷൻ സെൻ്ററുകളിലും ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിലെ സിവിൽ ഡിഫൻസ് ഫോഴ്സ് സജീവമാണ്. കോട്ടയത്തെ മെഗാ വാക്സിൻ വിതരണ കേന്ദ്രങ്ങളിലും ജില്ലയിലെ സ്ഥിരം വാക്സിൻ വിതരണ കേന്ദ്രങ്ങളിലും ജനത്തിരക്ക് നിയന്ത്രണാതീതമായതോടെയാണ് സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സഹായം തേടിയത്. ഇപ്പോൾ 150 ദിവസം അടുക്കുകയാണ് വാക്സിനേഷൻ സെന്ററുകളിൽ ഇവരുടെ വിലമതിക്കാനാകാത്ത സേവനം.  സിവിൽ ഡിഫൻസ് സേനാംഗങ്ങൾ കർമ്മനിരതരായതോടെ ഈ സെന്ററുകളിലെ ജനത്തിരക്ക് നിയന്ത്രിക്കാനും കൃത്യമായ രീതിയിൽ പരാതികൾക്കിടനൽകാതെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് വാക്സിൻ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കി. കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ വാക്സിനേഷൻ അവലോകന യോഗത്തിൽ സംസ്ഥാന- ജില്ലാ അധികൃതർക്കൊപ്പം സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു.