കൂട്ടിക്കലിന് കൈത്താങ്ങായി സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി, വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകും.


കോട്ടയം: പ്രളയം നാശം വിതച്ച കൂട്ടിക്കലിന് കൈത്താങ്ങായി സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമ്മിച്ചു നൽകാൻ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

 

 കഴിഞ്ഞ ദിവസത്തെ പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്കാണ് സിപിഐഎം പുതിയ വീട് നിർമിച്ചു നൽകുന്നതെന്ന് മന്ത്രി വി എൻ വാസവനും ജില്ലാ സെക്രട്ടറി എ വി റസ്സലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർട്ടിയുടെ ജില്ലയിലെ എല്ലാ ഘടകങ്ങളും വർഗ ബഹുജന സംഘടനകളും ഇതിനുള്ള പണം കണ്ടെത്തും. ബഹുജനങ്ങളുടെ കൂടി സഹകരണത്തോടെയാണ് പാർടി സമാനതകളില്ലാത്ത ഈ ഉദ്യമം ഏറ്റെടുക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ജില്ല സമീപ പതിറ്റാണ്ടുകളിലൊന്നും ഇത്തരമൊരു മഹാദുരന്തം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. കൂട്ടിക്കല്‍, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, മണിമല എന്നീ മേഖലകളിലാണ് ഏറെ നഷ്ടങ്ങളും ദുരിതങ്ങളുമുണ്ടായത്. വിലപ്പെട്ട 14 ജീവനുകൾ നഷ്ട്ടമായി. ജീവനും വീടും കൃഷിയിടവുമടക്കം സർവ്വസവും നഷ്ടപ്പെട്ടവർക്ക് എത്ര സഹായങ്ങൾ നൽകിയാലും അധികമാകില്ല. മുന്നൂറോളം വീടുകള്‍ പൂര്‍ണ്ണമായും അഞ്ഞൂറില്‍പ്പരം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജീവനോപാധികളും വീട്ടുപകരണങ്ങളുമടക്കം വിലമതിക്കാനാവാത്ത നഷ്ടം. ഒരു പുരുഷായുസ്സിലെ സമ്പാദ്യമാകെ മലവെള്ളപ്പാച്ചിൽ കവർന്നതിൻ്റെ തീരാ ദുഃഖത്തിലാണ് ഈ പ്രദേശത്തുള്ളവർ. അവർക്ക് കൈത്താങ്ങേകാൻ ഈ നാടുണ്ടെന്ന പ്രഖ്യാപനമാണ് സിപിഐ എം നടത്തുന്നത്. സർക്കാരിൻ്റെ അടിയന്തര സഹായം ലഭ്യമായിട്ടുണ്ട്. ദുരന്തമുണ്ടായതു മുതൽ ഇതുവരെയുള്ള ദിവസങ്ങളിൽ മന്ത്രി വി എൻ വാസവൻ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സിപിഐ എമ്മിൻ്റെ നേതാക്കളും വർഗ ബഹുജന സംഘടനകളും രക്ഷാപ്രവർത്തന വുമായി രംഗത്തെത്തി. സന്നദ്ധ സേവനങ്ങളുമായി മാതൃകാ പരമായ പ്രവർത്തനങ്ങളിലാണ് ഇവർ. ഈ മഹാദുരിതത്തില്‍ അകപ്പെട്ടുപോയ കുടുംബങ്ങളെ ഒന്നാകെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അതിന്റെ ഭാഗമായാണ് വീട് നിർമാണം ഏറ്റെടുക്കുന്നത് എന്ന് ജില്ലാ സെക്രട്ടറി എ വി റസ്സൽ പറഞ്ഞു. അര്‍ഹരായ 25 കുടുംബങ്ങളെ കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കാനാണ് തീരുമാനം. ഇതിൽ വർഗ ബഹജന സംഘടനകൾ നിർമിച്ചു നൽകേണ്ട വീടുകളുടെ എണ്ണവും തീരുമാനിച്ചിട്ടുണ്ട്. എല്ലാ പാർടി അംഗങ്ങളും ഘടകങ്ങളും രംഗത്തിറങ്ങുന്ന ഈ മഹാഉദ്യമത്തിൽ എല്ലാ ബഹുജനങ്ങയുടെയും സഹകരണവും അഭ്യർഥിക്കുന്നതായി ഇരുവരും പറഞ്ഞു.