കോട്ടയം: അതിജീവനത്തിന്റെ പുഞ്ചിരിയിൽ സ്വപ്നം കാണാനും നേട്ടങ്ങൾ സ്വന്തമാക്കാനും ആഗ്രഹങ്ങൾ നേടിയെടുക്കാനും കഴിയുമെന്ന് നമുക്ക് മുൻപിൽ തെളിയിച്ച ഡോ. ഫാത്തിമ അസ്‌ല വിവാഹിതയായി. തന്റെ ആഗ്രഹങ്ങളെ പൂർണ്ണമായും മനസ്സിലാക്കുന്ന പങ്കാളിയായി ഫിറോസ് എത്തിയതോടെ വിവാഹത്തെക്കുറിച്ചുണ്ടായിരുന്ന തന്റെ സ്വപ്നങ്ങളും സത്യമായിരിക്കുകയാണെന്നു ഫാത്തിമ പറഞ്ഞു.
ഫാത്തിമ അസ്‌ല, കൂട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും പാത്തു. ജന്മനാ എല്ലു പൊടിയുന്ന രോഗാവസ്ഥയെ പാത്തു തന്റെ പുഞ്ചിരി കൊണ്ടും ആത്മവിശ്വാസം കൊണ്ടും ആത്മധൈര്യം കൊണ്ടും അതിജീവിച്ചിരിക്കുകയാണ്.വീൽ ചെയർ മാത്രം സന്തത സഹചാരിയായിരുന്ന പാത്തുവിന് ഇപ്പോൾ എഴുനേറ്റു നിൽക്കാനും നടക്കാനും സാധിക്കും. ഒരു ഡോക്ടർ ആകണമെന്നുള്ള തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ച വിലയേറിയ സന്തോഷത്തിലായിരുന്നു ഫാത്തിമ. ഇപ്പോൾ തന്റെ സ്വപ്നങ്ങൾക്ക് കൂടെ നിൽക്കാൻ ആത്മവിശ്വാസവും കരുത്തും പകരാൻ ജീവിത പങ്കാളിയെത്തിയ സന്തോഷത്തിലുമാണ്. മഹറായി വീൽ ചെയർ നൽകിയാണ് പാത്തുവിനെ ഫിറോസ് ജീവിത സഖിയാക്കിയത്. ഒരു പക്ഷെ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്.. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങൾക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നത് എന്ന് ഫാത്തിമയും ഫിറോസും പറയുന്നു. വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്. വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ് എന്നും തന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ കാലോ ചിറകോ ഒക്കെയാണ് എന്നും ഫാത്തിമ കുറിയ്ക്കുന്നു. അത് മഹറായി തരുമ്പോൾ തന്നെ അംഗീകരിക്കുന്നതിനും തന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്ല്യമാണ് എന്നും ഫാത്തിമ പറയുന്നു. തന്റെ ജീവിത പങ്കാളിയിൽ നിന്നും ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്, വീൽചെയറോ ഡിസബിലിറ്റിയോ ആവശ്യപ്പെടുന്നത് സഹതാപമല്ല, അംഗീകാരമാണ് എന്നും ഫാത്തിമ പറയുന്നു. കോട്ടയം ഹോമിയോ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയാണ് നമ്മുടെ ഈ കുഞ്ഞനുജത്തി. കുറിച്ചി എൻ എസ് എസ് ഹോമിയോ മെഡിക്കൽ കോളേജിൽ ബി എച് എം എസ് പൂർത്തിയാക്കിയ ശേഷം ഹൗസ് സർജൻസി ചെയ്യുകയാണ് ഫാത്തിമ. താമരശ്ശേരി പൂക്കോട് വട്ടിക്കുന്നുമ്മേൽ അബ്ദുൽ നാസറിന്റെയും ആമിനയുടെയും മകളാണ് ഫാത്തിമ. ജന്മനാ എല്ലുകൾ പൊടിയുന്ന രോഗം ബാധിച്ച പാത്തു കാഴ്ചകൾ കണ്ടതും സ്വപ്‌നങ്ങൾ കണ്ടിരുന്നതും വീൽ ചെയറിലായിരുന്നു. കളിക്കൂട്ടുകാരുമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ പാത്തുവിന് കൂട്ടായെത്തിയത് വീൽ ചെയ്യാനായിരുന്നു. പക്ഷെ തളരാതെ നിറപുഞ്ചിരിയോടെ പാത്തു തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. പുഞ്ചിരികൊണ്ട് പാത്തു കീഴടക്കിയത് തന്റെ രോഗാവസ്ഥയെയും നേടിയെടുത്തത് തന്റെ സ്വപ്നങ്ങളുമാണ്. ഡോക്ടറാകണമെന്ന ഫാത്തിമയുടെ സ്വപ്നം ഈ വർഷം സഫലമാകുമ്പോൾ ആത്മാഭിമാനം കൊള്ളുന്നത് ഫാത്തിമയുടെ മാതാപിതാക്കളും സുഹൃത്തുക്കളുമാണ്. പഠനത്തോടൊപ്പം എഴുത്തിലും പാത്തുവിന്റെ മികവ് പ്രകടമാണ്. Dream beyond infinity എന്ന പേരിൽ ഒരു ബ്ലോഗ്ഗും ധാരാളം വായനക്കാരും പാത്തുവിനുണ്ട്. നിലാവ് പോൽ ചിരിക്കുന്ന പെൺകുട്ടി എന്ന പുസ്തകവും ഫാത്തിമ രചിച്ചിട്ടുണ്ട്. ഹൗസ് സർജൻസിക്ക് ശേഷം ഭർത്താവ് ഫിറോസിനൊപ്പം ലക്ഷദ്വീപിലേക്ക് പോകാനാണ് ഭാവി പരിപാടി. അതോടൊപ്പം കടലും നിലാവും എന്ന പേരിൽ ഇരുവരും ചേർന്ന് പുതിയ യൂട്യൂബ് ചാനലും ആരംഭിക്കാൻ പദ്ധതിയുണ്ട്. ലക്ഷദ്വീപ് കൽപേനി സ്വദേശിയും ആർട്ടിസ്റ്റുമാണ് ഫിറോസ്.