പോലീസിന്റെ കൃത്യമായ ഇടപെടൽ, മധുരം നൽകി ജീവിതത്തിലേക്ക്! ഏറ്റുമാനൂർ സ്റ്റേഷനിലെത്തി മധുരം നൽകി തോമസും മകളും.


ഏറ്റുമാനൂർ: ഒക്ടോബർ 8 വെള്ളിയാഴ്ച പട്രോളിംഗിലായിരുന്ന ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ റെനീഷ് ടി.എസ്, എ എസ് ഐ ബിജു, ഡ്രൈവർ സിപിഒ നിതിൻ, സിപിഒ ബാലഗോപാൽ എന്നിവർക്ക് ഒരു വാഹന അപകടത്തിന്റെ വിവരം ലഭിക്കുകയുണ്ടായി.

 

 ഏറ്റുമാനൂർ സെൻട്രൽ ഭാഗത്ത് ഒരു വാഹനം മറ്റുചില വാഹനങ്ങളിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച്‌ നിൽക്കുകയുമാണുണ്ടായത്. പാതി മയക്കത്തിലായിരുന്ന ഡ്രൈവറെ കൂടാതെ ഒരു സ്ത്രീയും വാഹനത്തിലുണ്ടായിരുന്നു. മദ്യപിച്ചിട്ടുണ്ടെന്ന തെറ്റിദ്ധാരണയിൽ പ്രകോപിതരായ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാൽ മദ്യപിച്ചിട്ടില്ല എന്ന സ്ത്രീയുടെ വാക്കുകൾ ബഹളത്തിനിടയ്ക്ക് ആരും ചെവിക്കൊണ്ടില്ല. ഐഎസ്ആർഓ യിലെ എഞ്ചിനീയർ ആയിരുന്ന തോമസും ഭാര്യ അന്നക്കുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നത്.  പോലീസെത്തി പ്രാഥമിക പരിശോധനയിൽത്തന്നെ അദ്ദേഹത്തിന് ഷുഗർ കുറഞ്ഞതാണ് അപകടമുണ്ടാകാൻ കാരണമെന്ന് മനസ്സിലാക്കാൻ സാധിച്ചു. അപ്പോൾത്തന്നെ എസ് ഐ റെനീഷ് ടി എസ്സിന്റെ നേതൃത്വത്തിൽ പോലീസ് സംഘം അദ്ദേഹത്തിന്  ഷുഗർ ലെവൽ സാധാരണഗതിയിലാകാൻ വേണ്ടി മധുര പാനീയങ്ങൾ നൽകുകയും ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് വാഹനത്തിൽത്തന്നെ ഏറ്റുമാനൂർ കാരിതാസ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. അപകടസ്ഥലത്ത് കൂടിയ ആൾക്കാരുടെ പ്രകോപനപരമായ പെരുമാറ്റത്തിനിടയിലും സത്യം മനസിലാക്കി പെട്ടെന്ന് പ്രവർത്തിച്ച പോലീസിന് നന്ദി അറിയിക്കാൻ അദ്ദേഹം മറന്നില്ല. ആശുപത്രിയിൽ നിന്ന് മടങ്ങിയശേഷം ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെത്തി തോമസും മകളും തിരുവനന്തപുരം കൊല്ലുവിള ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടറുമായ ആനിയും പോലീസുകാർക്ക് മധുരം നൽകിയാണ് നന്ദി പ്രകടിപ്പിച്ചത്.