പ്രളയക്കെടുതി: എരുമേലി കെഎസ്ആർടിസിയിൽ ലക്ഷങ്ങളുടെ നാശനഷ്ടം, 3 ബസ്സുകളിൽ വെള്ളം കയറി, ഓഫീസും ഗ്യാരേജ്ജും മുങ്ങി.


എരുമേലി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ എരുമേലി കെഎസ്ആർടിസിയിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി കണക്കുകൾ. വെള്ളിയാഴ്ച്ച രാത്രി ആരംഭിച്ച മഴ ശനിയാഴ്ച്ച രാവിലെയോടെ ശക്തി പ്രാപിക്കുകയും വെള്ളം ശക്തിയായി ഒഴുകിയെത്തുകയുമായിരുന്നു. എരുമേലി തോട്ടിൽ നിന്നുമുള്ള വെള്ളം നിമിഷ നേരം കൊണ്ട് കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് ഇരച്ചെത്തുകയായിരുന്നു. സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന 3 ബസ്സുകളിൽ വെള്ളം കയറി. ഓഫീസും ഗ്യാരേജ്ജും വെള്ളം കയറി മുങ്ങിയ അവസ്ഥയിലായിരുന്നു. ബസ്സ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ജീവനക്കാരുടെ ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായിരുന്നു. രാവിലെ ഡ്യുട്ടിക്ക് എത്തിയവരുടെ വാഹനങ്ങളായിരുന്നു സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്നത്. 30 ലധികം ഇരുചക്ര വാഹനങ്ങളാണ് വെള്ളത്തിനടിയിലായത്. ഓഫീസിനുള്ളിൽ വെള്ളം കയറി ഇലക്ട്രോണിക്ക് ഉപകരണങ്ങളും ടിക്കറ്റ് മെഷീനുകളും ടിക്കറ്റുകളും റാക്കുകളും നശിച്ചു. ഗ്യാരേജ്ജ്ജിൽ വെള്ളം കയറിയതോടെ മെക്കാനിക്കൽ ഉപകരണങ്ങളെല്ലാം വെള്ളത്തിനടിയിലായി. ജീവനക്കാർ ഒരുമിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മലയോര സർവ്വീസുകളുൾപ്പടെ സർവ്വീസുകൾ ഒന്നും പുനരാരംഭിച്ചിട്ടില്ല. ഓഫീസിന്റെയും ബസുകളുടെയും പ്രവർത്തനങ്ങൾ സുഗമമാക്കി ഉടനെ സർവ്വീസ് ആരംഭിക്കാനാണ് ജീവനക്കാർ ലക്ഷ്യമിടുന്നത്.