അപ്രതീക്ഷിത പ്രളയത്തിൽ പടുതാ കുളത്തിൽ വെള്ളം ഇരച്ചു കയറി, കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ.


കാഞ്ഞിരപ്പള്ളി: അപ്രതീക്ഷിതമായി എത്തിയ പ്രളയക്കെടുതിയിൽ കാഞ്ഞിരപ്പള്ളി സ്വദേശിക്ക് കലി പൂണ്ട മണിമലയാർ നഷ്ടപ്പെടുത്തിയത് കഠിനാദ്ധ്വാനത്തിന്റെ 25 ലക്ഷം രൂപ.

 

 മൂന്നു ഏക്കർ സ്ഥലത്തായി 11 പടുതാക്കുളങ്ങളിലും 9 ബയോഫ്‌ളോക്കുകളിലുമായി കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് കടവനാൽക്കടവ് സ്വദേശിയായ ആയല്ലൂർ ജേക്കബ്ബ് ജോസഫ് പരിപാലിച്ചിരുന്ന 15 ലക്ഷം രൂപയുടെ മത്സ്യങ്ങളാണ് നഷ്ടമായത്. ഇദ്ദേഹത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു മീൻ വളർത്തൽ. ഇതുവരെയും ഒരിക്കൽപ്പോലും സ്ഥലത്തു വെള്ളം കയറിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. 11 പടുതാക്കുളങ്ങളിലും 9 ബയോഫ്‌ളോക്കുകളിലുമായി മുപ്പതിനായിരത്തിലധികം മത്സ്യങ്ങളുണ്ടായിരുന്നതായി  ജേക്കബ്ബ് ജോസഫ് പറഞ്ഞു. അപ്രതീക്ഷിതമായെത്തിയ മിന്നൽ പ്രളയത്തിൽ നഷ്ടമായത് ഇദ്ദേഹത്തിന്റെ പ്രധാന വരുമാന മാർഗ്ഗമാണ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മത്സ്യ വിളവെടുപ്പ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്താനിരിക്കെയാണ് ഇത്തരമൊരു ദുരന്തമുണ്ടായത്. മത്സ്യങ്ങൾ നഷ്ട്ടപ്പെട്ടതിനൊപ്പം മറ്റു നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയുടെ മറ്റു നാശനഷ്ടങ്ങൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. 9 ബയോഫ്‌ളോക്കുകളായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഇവ നിർമ്മിച്ചത്. എയറേറ്ററുകൾ,ജനറേറ്റർ, ഇൻവെർട്ടർ, ഓട്ടോമാറ്റിക്ക് പാനലുകൾ,മോട്ടോർ പമ്പുകൾ എന്നിവയും മത്സ്യങ്ങൾക്കായുള്ള 35 ചാക്ക് തീറ്റയും വെള്ളം കയറി നശിച്ചു.