വൈക്കം കെടിഡിസി യിൽ ഉത്‌ഘാടനത്തിനൊരുങ്ങി ഫുഡി വീൽസ്!


വൈക്കം: കെ എസ് ആർ ടി സി ബസ്സ് റെസ്റ്റോറന്റായി രൂപമാറ്റം വരുത്തി വൈക്കം കെടിഡിസി. കെ ടി ഡി സിയുടെ വൈക്കം മോട്ടൽ ആരാമിൽ പുതുതായി രണ്ടു നിലകളിലായുള്ള റെസ്റ്റോറന്റ് ഉത്‌ഘാടനത്തിനൊരുങ്ങുന്നു.

ഉടൻ തന്നെ റെസ്റ്റോറന്റിന്റെ ഉത്‌ഘാടനം നടത്തുമെന്ന് വൈക്കം എംഎൽഎ സി.കെ ആശ പറഞ്ഞു. 2 നിലകളിലായി സജ്ജമാക്കുന്ന റെസ്റ്റോറന്റിൽ 60 പേർക്ക് ഒരേ സമയം ബസ്സിനകത്തും പുറത്തും ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കും. ഇനി കായൽ സൗന്ദര്യം നുകർന്ന് ഡബിൾ ഡക്കർ ബസ്സിലിരുന്നു വ്യത്യസ്ത രുചി വിഭവങ്ങളാസ്വദിക്കാം വൈക്കം മോട്ടൽ ആരാമിലെ ഫുഡി വീൽസിൽ നിന്നും.

ഇരുനിലകൾ ഉള്ള റെസ്റ്റോറൻ്റ്ൻ്റെ താഴത്തെ നില മുഴുവനായും എയർ കണ്ടീഷൻ ചെയ്തതും രണ്ടാം നില ഓപ്പൺ ഡെക് രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ ബസ് അതിമനോഹരമായി  രൂപമാറ്റം വരുത്തി പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്താതെ ആണ് ഈ റെസ്റ്റോറന്റ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് രുചി വൈവിധ്യങ്ങൾക്കൊപ്പം വ്യത്യസ്‍തമായൊരനുഭവമായിരിക്കും ഈ റെസ്റ്റോറന്റ്. റെസ്റ്റോറന്റ് നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.  കഴിഞ്ഞ ഫെബ്രുവരിയിലാണ് വൈക്കം കായലോരത്തെ ബീച്ചിനു സമീപം റെസ്റ്റോറന്റിന്റെ നിർമ്മാണം ആരംഭിച്ചത്. കെ ടി ഡി സിയുടെ വൈക്കം മോട്ടൽ ആരാമിൽ പുരോഗമിക്കുന്ന റെസ്റ്റോറന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈക്കം എംഎൽഎ സി.കെ ആശ സന്ദർശിച്ചു വിലയിരുത്തി.