സ്വന്തം ജീവിതത്തെ സന്ദേശമാക്കുകയും അത് മാതൃകയാക്കുകയും ചെയ്ത മഹാത്മാവിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ കാലത്തിന് സംഭവിച്ച മാറ്റങ്ങള്‍ വിലയിരുത്താതെ മുന്നോ


കോട്ടയം: സ്വന്തം ജീവിതത്തെ സന്ദേശമാക്കുകയും അത് മാതൃകയാക്കുകയും ചെയ്ത മഹാത്മാവിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ കാലത്തിന് സംഭവിച്ച മാറ്റങ്ങള്‍ വിലയിരുത്താതെ മുന്നോട്ട് പോകാനാകില്ല എന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. മഹാത്മാവ് ഉയര്‍ത്തി പിടിച്ച ആശയങ്ങളും നിലപാടുകളുമൊക്കെ സാധാരണക്കാര്‍ സമാധാനപരമായി ജീവിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. ജാതിമതവര്‍ഗവര്‍ണ വ്യത്യാസത്തിനെതിരായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം എന്നും വി എൻ വാസവൻ പറഞ്ഞു. സ്വാതന്ത്ര്യം ഒരു വ്യക്തിക്കു നല്‍കുന്ന അവകാശങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വ്യക്തികളുടെ കടമകളെന്നും അദ്ദേഹം പഠിപ്പിച്ചു. രാജ്യമെങ്ങും സ്വാതന്ത്ര്യം ആഘോഷിച്ചപ്പോള്‍ വിഭജനത്തിന്റെ വിപത്തുകളില്ലൊന്നായ മതകലഹം നടക്കുന്ന പ്രദേശങ്ങളിലൂടെ സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്ത് ആ മഹാമനുഷ്യന്‍ പോരാടുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. സമാധനത്തിലേയ്ക്ക് ഒരു പാതയില്ല, സമാധാനമാണ് പാത എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മാറിയ ലോകത്ത് അദ്ദേഹത്തിന്റെ ചിന്തകള്‍ കൂടുതല്‍ പ്രസക്തമാകുകയാണ് എന്നും ജീവിത ശൈലിയും വ്യത്യാസങ്ങളും വേര്‍തിരിവുകളുമില്ലാത്ത ഒരു ലോകം ആകണം ലക്ഷ്യം എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിശ്വാസങ്ങളും വിശ്വാസ പ്രമാണങ്ങളും വ്യത്യസ്തമാണെങ്കിലും ഐക്യത്തോടെ ഒരുമയോടെ ജീവിക്കാനാണ് ശ്രമിക്കേണ്ടത്. ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി എന്ന അദ്ദേഹത്തിന്റെ മഹത് വചനമായിരിക്കണം നമ്മള്‍ പിന്തുടരേണ്ടത് എന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു. ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയിലും തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി തുടങ്ങിയവർ പങ്കെടുത്തു.