ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ സേവനങ്ങളും ലഭ്യമാക്കി.


കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ രോഗപ്രതിരോധ പ്രവർത്തനങ്ങളും മറ്റ്  ആരോഗ്യ സേവനങ്ങളും ലഭ്യമാക്കി.

 

 പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ക്യാമ്പുകളിലെ എല്ലാ അംഗങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും കോവിഡ്  രോഗലക്ഷണങ്ങളുള്ളവരെ മാറ്റി പാർപ്പിക്കാൻ വേണ്ടനിർദ്ദേശം നൽകുകയും രോഗ നിരീക്ഷണം നടത്തുകയുമാണ് കോവിഡ്  പ്രതിരോധത്തിനായി പ്രധാനമായും സ്വീകരിക്കുന്ന നടപടി. മലിനജലവുമായുള്ള സമ്പർക്കസാധ്യത കണക്കിലെടുത്ത് ക്യാമ്പുകളിലെ എല്ലാ അംഗങ്ങൾക്കും എലിപ്പനി പ്രതിരോധത്തിനുള്ള  ഓരോ ഡോസ് ഡോക്സിസൈക്ലിൻ  ഗുളിക നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ, മലിന ജലവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രദേശവാസികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കും പ്രതിരോധ ചികിത്സയുടെ ഭാഗമായി ഗുളിക വിതരണം ചെയ്തു. കുടിവെള്ള സ്രോതസുകൾ മലിനപ്പെട്ടതുകാരണം മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ പടരുന്നത് തടയാൻ ആരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ക്യാമ്പുകളിലെയും പ്രദേശത്തെ വീടുകളിലെയും കിണറുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്തു. ഡോക്ടറുൾപ്പെടെയുള്ള മെഡിക്കൽ സംഘം എല്ലാദിവസവും ക്യാമ്പുകൾ സന്ദർശിച്ച് രോഗികളെയും ഗർഭിണികൾ കുട്ടികൾ തുടങ്ങിയവരെയും പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കുകയും പ്രമേഹം ഉൾപ്പെടെയുള്ളരോഗങ്ങൾക്കു സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് പരിശോധനടത്തി സൗജന്യമായി മരുന്ന് നൽകുകയും ചെയ്യുന്നുണ്ട്.