മുണ്ടക്കയം: ഇന്നലെ ഉച്ചകഴിഞ്ഞു 3 മണിയോടെ ആരംഭിച്ച ശക്തമായ മഴയിൽ മുണ്ടക്കയം വണ്ടൻപതാൽ മേഖലയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. ഇതേത്തുടർന്ന് മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി.
ജനങ്ങൾ ആശങ്കപ്പെട്ടെങ്കിലും ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. വണ്ടൻപതാൽ അസംബനി കൂപ്പും ഭാഗത്ത് നിന്നാണ് വെള്ളം ശക്തിയായി കുതിച്ചൊഴുകിയെത്തിയത്. വെള്ളത്തിന്റെ വരവ് ശക്തമായതോടെ ഉരുൾപൊട്ടിയതായുള്ള സംശയം ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. മഴവെളള പാച്ചിലില്‍ കല്ലും മണ്ണും ഒഴുകി എത്തിയതിനെ തുടർന്ന് ഫൈസല്‍മോന്റെ വീടിനുളളില്‍ വെളളം കയറി. ഇവരുടെ വീടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് അടുക്കളയിലെ വീട്ടുപകരണങ്ങളും ഗ്യാസ് കുറ്റിയും വെള്ളത്തിൽ ഒഴുകി പോകുന്ന അവസ്ഥയിലായിരുന്നു. ചേരിപാറയില്‍ സനിലിന്റെ വീടിന്റെ ചുറ്റു മതില്‍ ഒഴുക്കില്‍ തകര്‍ന്നു. ഇലഞ്ഞിമറ്റം ജിനേഷ്,വെട്ടാപ്പാല സജി, ലത്തീഫ്, വെട്ടിമറ്റം ജെയിംസ്, മറ്റക്കര പാപ്പച്ചന്‍ എന്നിവരുടെ വീടുകളിലും വെളളം കയറി. നിരവധി പേരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറി. വണ്ടൻപതാൽ മേഖലയിൽ കനത്ത മഴ തുടർന്നതോടെ തോട് കര കവിഞ്ഞു ഒഴുകിയതിനെ തുടർന്നാണ് സമീപത്തെ വീടുകളിൽ വെള്ളം കയറിയത്.