കോട്ടയം: തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.
ഭൂമി ഏറ്റെടുക്കലിനായി സ്‌പെഷ്യൽ തഹസിൽദാറിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡ്രോൺ സർവ്വീയിലൂടെ കണ്ടെത്തിയ സ്ഥലങ്ങളുടെ അതിരുകൾ തിരിക്കുന്ന ജോലിയാണ് പ്രാരംഭ ഘട്ടത്തിൽ തുടങ്ങുന്നത്. സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്കായി കോട്ടയം ഉൾപ്പടെ 11 ജില്ലകളിലായി ഏറ്റെടുക്കുന്നത് 955 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്കായി കോട്ടയം ജില്ലയിൽ മാത്രം ഏറ്റെടുക്കുന്നത് 108.11 ഹെക്ടർ ഭൂമിയാണ്. കെ-റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുമ്പോൾ കൃത്യമായ പുനരധിവാസ പദ്ധതിയുണ്ടാകും എന്നും കാലത്തിനനുസൃതമായ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെമി ഹൈസ്പീഡ് റെയില്‍വേ കെ-റെയിൽ സിൽവർ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സർക്കാരിന്റെ വിഹിതമായ 2100 കോടി രൂപ കിഫ്‌ബി വായ്പ നൽകും. കിഫ്ബിയുടെ ആവശ്യപ്രകാരം കെ-റെയിലിനെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി തീരുമാനിച്ചു ഗതാഗത വകുപ്പ് ഉത്തരവിറക്കിയിരുന്നു. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി 7 തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്‌പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസും പാത കടന്നു പോകുന്ന ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍.എ) ഓഫീസുകളും ഉടൻ ആരംഭിക്കും. അതേസമയം പദ്ധതിക്കെതിരെ പ്രതിപക്ഷത്തിന്റെയും വിവിധ സംഘടനകളുടെയും എതിർപ്പ് ശക്തമാണ്.