കുളത്തിൽ കാൽ വഴുതി വീണ് കറുകച്ചാലിൽ വിദ്യാർത്ഥി മരിച്ചു.


കറുകച്ചാൽ: കുളത്തിൽ കാൽ വഴുതി വീണ് കറുകച്ചാലിൽ വിദ്യാർത്ഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ  ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്.

 

 ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവമുണ്ടായത്. മാവേലിക്കരയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ഫോൺ ടെക്നീഷ്യൻ വിദ്യാർത്ഥിയായ അരവിന്ദ് സുഹൃത്തുക്കൾക്കൊപ്പം സമീപത്തെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു.

കുളിക്കുന്നതിനിടെ സുഹൃത്തുക്കളിൽ ഒരാൾ ചെളിയിൽ താഴ്ന്നു പോകുകയും സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരവിന്ദ് കാൽ വഴുതി കുളത്തിൽ വീഴുകയുമായിരുന്നു.

അപകടം കണ്ടു സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിച്ചത്. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.