ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കോട്ടയം സ്പിന്നിംഗ് മില്‍ തുറക്കാന്‍ തീരുമാനമായി.


ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കോട്ടയം സ്പിന്നിംഗ് മില്‍ തുറക്കാന്‍ തീരുമാനമായതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

 

 വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനാ നേതാക്കളും മാനെജ്മെന്‍റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്. ലാഭകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയിലുണ്ടായ പ്രശ്നങ്ങളാണ് ലേ ഓഫീലേയ്ക്ക് നയിച്ചത്. സ്ത്രീ തൊഴിലാളികളുടെ ഷിഫ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കാരണമായി. വ്യവസായ രംഗത്തെ മാറിയ സാഹചര്യത്തിന് അനുസരിച്ച് തൊഴിലാളികളും മാനെജ്മെന്‍റുമൊക്കെ മാറിയില്ലെങ്കില്‍ ലാഭകരമായി മുന്നോട്ട് പോകാനാകില്ല. ലാഭകരമല്ലാത്ത വ്യവസായം നടത്തി കൊണ്ടു പോകാനുമാകില്ല. 228 പേര്‍ക്ക് നേരിട്ടും നിരവധി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനം പൂട്ടിക്കിടക്കുന്നത് ആശാസ്യമല്ല എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നത്. ഇക്കാര്യത്തില്‍ തൊഴിലാളി യൂണിയനുകളും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായത്. സ്ഥാപനത്തിന്‍റെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സഹായങ്ങളുണ്ടാകും. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പരാതികളുണ്ടെങ്കില്‍ പരിശോധിക്കുകയും ചെയ്യും. രാത്രി ഷിഫ്റ്റില്‍ ജോലിക്കെത്തുന്നവര്‍ക്ക് വാഹന സൗകര്യമൊരുക്കും. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയായിരിക്കും കോട്ടയം സ്പിന്നിംഗ് മില്‍ പ്രവര്‍ത്തിക്കുക. പൂട്ടിക്കിടന്ന സ്ഥാപനം തുറക്കാനായത് സന്തോഷം പകരുന്ന കാര്യമാണ് എന്നും വി എൻ വാസവൻ പറഞ്ഞു.