ഏയ്ഞ്ചൽവാലിയിലേത് ചെറുമേഘ വിസ്ഫോടനമോ? ഇരുപതോളം വീടുകൾക്ക് നാശനഷ്ടങ്ങൾ, വാഹനങ്ങൾ ഒലിച്ചു പോയി, ദുരന്ത നിവാരണ സേനയെത്തി.


എരുമേലി: കോട്ടയം ജില്ലയിൽ എരുമേലി ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ ഏയ്ഞ്ചൽവാലിയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കനത്ത നാശനഷ്ടങ്ങൾ.

 

 ഏയ്ഞ്ചൽവാലിയിലേത് ചെറുമേഘ വിസ്ഫോടനമോ എന്ന സംശയത്തിലാണ് പ്രദേശവാസികൾ. തുള്ളിക്കൊരു കുടം എന്ന പഴമൊഴിക്കും അപ്പുറത്തായിരുന്നു ഇന്ന് ഉച്ചക്ക് ശേഷം പെയ്ത മഴയെന്നു നാട്ടുകാർ പറയുന്നു. കനത്ത മഴയിൽ വെള്ളം ഇരച്ചെത്തിയതോടെ ഉരുൾപൊട്ടിയതായുള്ള സംശയം നാട്ടുകാരിൽ ബലപ്പെടുകയായിരുന്നു. ശബരിമല വന മേഖലയോടെ ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ വനത്തിൽ ഉരുൾപൊട്ടിയതാകാമെന്ന നിഗമനത്തിലായിരുന്നു നാട്ടുകാർ. ഏയ്ഞ്ചൽവാലി, ഏഴുകുമെന്നു മേഖലകളിലായി എട്ടോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളം നിരവധി വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടാക്കി. 6 വീടുകൾ പൂർണ്ണമായും 10 ലധികം വീടുകൾക്ക് ഭാഗികമായും നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും ശക്തമായ വെള്ളമൊഴുക്കിലും വീടുകളിലും റോഡിലേക്കും വെള്ളം കയറുകയായിരുന്നു. വെള്ളത്തിനൊപ്പം കല്ലും മണ്ണും ഒഴുകിയെത്തി റോഡ് തകരാറിലായി ഗതാഗതം സ്തംഭിച്ചു. റോഡിലുണ്ടായിരുന്ന ഒരു ഓട്ടോയും രണ്ടു ഇരുചക്കര വാഹനങ്ങളും ഒളിച്ചു പോകുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ വളരെ വേഗത്തിൽ ഇവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം എരുമേലിയുടെ കിഴക്കൻ മലയോര മേഖലകളിൽ അതിശക്തമായ മഴയാണ് ഉണ്ടായത്. വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ടുണ്ട്.സ്‌കൂൾ ബസ്സ് ഒഴുക്കിൽപ്പെട്ടെങ്കിലും ആളപായമില്ല. സന്തോം സ്കൂളിന്റെ ബസ്സാണ് ഒഴുക്കിൽപ്പെട്ടത്. മേഖലയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചിരുന്നു. വൈകിട്ടോടെ ദുരന്ത നിവാരണ സേനയും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. വീടുകളിലും മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഏയ്ഞ്ചൽവാലി കവല, പള്ളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ശക്തമായ ഒഴുക്കിൽ കല്ലും മണ്ണുമുൾപ്പടെയാണ് ഒഴുകിയെത്തിയത്.