ദുരന്ത മുഖത്തെ ഞെട്ടൽ മാറാതെ എബ്രഹാമും കുടുംബവും, വെള്ളം കലങ്ങി ഒഴുകിയെത്തുന്നത് കണ്ടു ഓടി മാറിയത് ജീവിതത്തിലേക്ക്.


എരുമേലി: ഇന്നലെ ഉച്ചക്ക് ശേഷം കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ്‌ എയ്ഞ്ചൽവാലി സ്വദേശിയായ പൊങ്ങന്താനത്ത് എബ്രഹാമും കുടുംബവും.

 

 ഉച്ചക്ക് ശേഷം ശക്തമായ മഴ പെയ്തതോടെ എബ്രഹാമും കുടുംബവും താമസിക്കുന്ന വീടിനു മുകൾ ഭാഗത്ത് ഉരുൾപൊട്ടുകയായിരുന്നു. വെള്ളം ശക്തമായി കുതിച്ചെത്തുന്നതിനൊപ്പം നിറം മാറിയതോടെ ഉരുൾപൊട്ടിയതാണെന്ന സംശയത്തെ തുടർന്ന് കുടുംബാംഗങ്ങൾ വീടിനു സമീപമുള്ള ബന്ധു വീട്ടിലേക്ക് ഓടി മാറുകയായിരുന്നു. ഈ സമയം എബ്രഹാം ജോലി സ്ഥലത്തായിരുന്നു. വീട്ടിൽ ഭാര്യ മഞ്ജുവും ഏബ്രഹാമിന്റെ മാതാവ് ത്രേസ്സ്യാമ്മ ജോസഫ്(75), മക്കളായ അലീന (14),അനു (11),അഡൊൺ(രണ്ടര വയസ്സ്) എന്നിവർ മാത്രമാണുണ്ടായിരുന്നത്. കനത്ത മഴയിൽ വെള്ളം കുന്നിൻ മുകളിൽ നിന്നും കലങ്ങി വരുന്നതായി മൂത്ത മകളാണ് മാതാവ് മഞ്ജുവിനെ വിവരമറിയിച്ചത്. ശക്തമായ മഴയിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിലും പന്തികേട് തോന്നിയ മഞ്ജു കുടുംബാംഗങ്ങളുമായി സമീപത്തെ ബന്ധു വീട്ടിലേക്ക് ഓടുകയായിരുന്നു. വെള്ളം ശക്തമായി എത്തിയതോടെ വീടിനു മുകളിലുള്ള റോഡിലേക്ക് കയറാൻ സാധിച്ചിരുന്നില്ല. വീടിന്റെ സമീപത്തെ ബന്ധു വീട്ടിൽ എത്തിയപ്പോഴേക്കും വലിയ ശബ്ദത്തോടെ കല്ലും മണ്ണും പാറക്കൂട്ടങ്ങളും ശക്തമായ ഒഴുക്കിൽ ഒലിച്ചെത്തി വീടിനുള്ളിലേക്ക് ഇരച്ചു കയറുന്ന കാഴ്ച്ചയാണ് കണ്ടതെന്ന് മഞ്ജു പറഞ്ഞു. ശക്തമായ ഒഴുക്കിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തി ഇടിഞ്ഞതിനാൽ വീടിന്റെ ഒരു ഭാഗം അപകടാവസ്ഥയിലാണ്. വീടിന്റെ ബാത്ത്റൂം ചരിഞ്ഞ അവസ്ഥയിലാണ്. സെപ്റ്റിക്ക് ടാങ്കും അപകടാവസ്ഥയിലാണ് ഇപ്പോൾ നിൽക്കുന്നത്. സംരക്ഷണഭിത്തി കെട്ടിയെടുത്താൽ മാത്രമേ വീടിനു സുരക്ഷിതമാക്കാൻ സാധിക്കൂ. 



വീടിനുള്ളിൽ വെള്ളം കയറി ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നാശമായി. വസ്ത്രങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. വീടിനുള്ളിലെ ചെളിയും മണ്ണും മാറ്റി ശുചിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായെത്തിയ ദുരന്ത മുഖത്തെ ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല എന്ന് മഞ്ജു പറഞ്ഞു. കഴിഞ്ഞ 40 വർഷത്തിലധികമായി ഈ മേഖലയിൽ ഇത്തരമൊരു പ്രകൃതി ദുരന്തം സംഭവിച്ചിട്ടില്ല എന്ന് എബ്രഹാം പറഞ്ഞു. റോഡിനു ഓടയില്ലാത്തതിനാൽ ഒരു മഴ പെയ്താലും വെള്ളം ഒഴുകിയെത്തുന്നത് മുറ്റം വഴിയാണെന്നും അദ്ദേഹം പറഞ്ഞു. അപകട സമയത്ത് ഓടി മാറുന്നതിനിടെ ആടുകളെ അഴിച്ചു മാറ്റാൻ സാധിച്ചിരുന്നില്ല. ഉരുൾപൊട്ടലിനെ തുടർന്ന് കുത്തിയോലിച്ചെത്തിയ കല്ലും മണ്ണും വീടിനു മുൻഭാഗത്തേക്ക് പതിക്കുകയായിരുന്നു. സംഭവസമയത്ത് രക്ഷപ്രവർത്തനത്തിനായി ഓടിയെത്തിയ നാട്ടുകാരാണ് ആടിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. കല്ലും മണ്ണും മൂടി കലുങ്കിന് അടിവശത്തൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചിരിക്കുകയാണ്. മണ്ണും കല്ലും വീണു റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. 



രാവിലെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി വെള്ളമൊഴുക്ക് സുഗമമാക്കാനും റോഡ് ഗതാഗത യോഗ്യമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വില്ലേജ് ഓഫീസറും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്റും മറ്റു ഉദ്യോഗസ്ഥരും സന്ദർശിച്ചു വിലയിരുത്തി. വീടിന്റെ മുഴുവൻ വശത്തൂടെയും വെള്ളം ഒഴുകിയെത്തുന്നതിനിടെ കുടംബങ്ങളുമായി ഓടി മാറാൻ സാധിച്ചത് ദൈവ കൃപകൊണ്ട് മാത്രമാണെന്നും ഇപ്പോൾ ഓർക്കുമ്പോഴും ആ ഒരു നിമിഷം മനസ്സിൽ ഭീതിയാണെന്നും മഞ്ജു പറഞ്ഞു.