മലവെള്ളപ്പാച്ചിലിൽ അയൽവാസിക്കു സഹായഹസ്തവുമായി ഓടിയെത്തിയ യുവാവിന്റെ ഓട്ടോ ഒഴുക്കിൽപ്പെട്ടു നശിച്ചു, നഷ്ടമായത് ഒരു കുടുംബത്തിന്റെ ഏക ജീവിതമാർഗ്ഗം.


എരുമേലി: വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം എരുമേലിയുടെ കിഴക്കൻ മേഖലയായ എയ്ഞ്ചൽവാലിയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും മേഖലയിലുണ്ടായത് കനത്ത നാശനഷ്ടങ്ങൾ.

 

 ഉരുൾപൊട്ടിയതിനെ തുടർന്ന് വെള്ളം ഇരച്ചെത്തിയതോടെ എയ്ഞ്ചൽവാലി പള്ളിപ്പടി സെന്റ്.മേരീസ് സ്‌കൂളിന് സമീപമുള്ള തോട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പുതിയത്ത് റോബിനും കുടുംബത്തിനും നഷ്ടമായത് കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമായ ഓട്ടോറിക്ഷയാണ്. റോബിനും ഭാര്യ ആശയും പള്ളിപ്പടി സെന്റ്.മേരീസ് സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. ഇവരുടെ ഏക വരുമാനമാർഗ്ഗമായ ഓട്ടോറിക്ഷയാണ് ശക്തമായ ഒഴുക്കിൽ തോട്ടിലൂടെ ഒലിച്ചു പോയത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ അരകിലോമീറ്ററോളം ഒഴുകി തോട്ടിൽ തന്നെ തടഞ്ഞു നിൽക്കുകയായിരുന്നു. ഓട്ടോറിക്ഷാ പൂർണ്ണമായും തകർന്നു. കനത്ത മഴയിൽ വീടിനു എതിർവശത്തെ തോട്ടിൽ വെള്ളം ഉയരുകയും തോടിനു സമീപം താമസിക്കുന്ന കുടുംബത്തിന്റെ വീട്ടിലേക്ക് വെള്ളം അപകടകരമാംവിധം ഉയരുന്നതും കണ്ട റോബിൻ വളരെ വേഗത്തിൽ അവിടേക്ക് ചെല്ലുകയായിരുന്നു. വീടിനുള്ളിൽ കതകടച്ചിരിക്കുകയായിരുന്ന പ്രായമായ മാതാവും മകളും കൊച്ചുമകളും വെള്ളം വീടിന്റെ മുറ്റത്തേക്ക് ഇരച്ചു കയറിയത് അറിഞ്ഞിരുന്നില്ല. റോബിൻ എത്തിയപ്പോഴേക്കും വീടിനുള്ളിലേക്ക് വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു. വളരെ വേഗത്തിൽ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ സഹായിക്കുകയും ചെയ്തു. ഇതിനു ശേഷം തന്റെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും റോബിന്റെ വീട്ടിലേക്ക് വെള്ളം കയറുന്ന സ്ഥിതിയിലായിരുന്നു. ശക്തമായ ഒഴുക്കിൽ ഓട്ടോറിക്ഷാ ഒഴുകി പോകാതിരിക്കാനായി കയർ കെട്ടിയിട്ടിരുന്നെകിലും മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കിൽ കയർ പൊട്ടി ഓട്ടോ ഒഴുക്കിൽപ്പെട്ടു ഒലിച്ചു പോകുകയായിരുന്നു. ഓട്ടോയ്ക്ക് സമീപം ഉണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കിൽപ്പെട്ടിരുന്നു. 7 വർഷങ്ങൾക്ക് മുൻപ് ഒരു സർജറി കഴിഞ്ഞിരുന്നതിനാൽ ഭാരമേറിയ ജോലികൾ ഒന്നും ചെയ്യാൻ റോബിന് സാധിക്കുമായിരുന്നില്ല. ഓട്ടോ ഓടി ലഭിക്കുന്ന വരുമാനമായിരുന്നു വാടക വീട്ടിൽ കഴിയുന്ന റോബിനും ഭാര്യ ആശയുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം. ഓട്ടോ പൂർണ്ണമായും തകർന്നതോടെ മുന്പോട്ടുള്ള ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. ഏക വരുമാനമാർഗ്ഗം നിലച്ചതോടെ മുൻപോട്ടു എങ്ങനെയെന്നുള്ള ചിന്തയിൽ നെഞ്ചു നീറിക്കഴിയുകയാണ് ഇരുവരും. 



പലരിൽ നിന്നും കടം വാങ്ങിയും സ്വർണ്ണം പണയം വെച്ചുമാണ് ഓട്ടോ വാങ്ങിയതെന്നും ഇതുവരെയും കടങ്ങൾ പൂർണ്ണമായും വീട്ടാൻ സാധിച്ചിട്ടില്ല എന്നും റോബിൻ പറഞ്ഞു. ഇരുവരും വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിലും വെള്ളം കയറി. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വെള്ളം കയറി നശിച്ചു. റോബിൻ രക്ഷയ്‌ക്കെത്തിയ വീട്ടിലും വെള്ളം കയറി വീട്ടുപകരണങ്ങളും തുണികളും ഉൾപ്പടെ എല്ലാം മുങ്ങിയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ തൊഴിലുറപ്പ് ജോലിക്കാരുടെയും നാട്ടുകാരുടെയും  നേതൃത്വത്തിൽ വീട് വൃത്തിയാക്കി. വെള്ളം കയറി വീടുകളിൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. തോടിനു സമീപത്തായിട്ടായിരുന്നു പ്രായമായ മാതാവും മകളും കൊച്ചു മകളും താമസിച്ചിരുന്ന വീട്. ശക്തമായ വെള്ളമൊഴുക്കിൽ എയ്ഞ്ചൽവാലി പള്ളിപ്പടിക്കൽ പാർക്ക് ചെയ്തിരുന്ന 2 ഓട്ടോറിക്ഷകളും ഒലിച്ചു പോയെങ്കിലും നാട്ടുകാർ കയർ കെട്ടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. 2 ഇരുചക്ര വാഹനങ്ങളും ഒഴുക്കിൽപ്പെട്ടിരുന്നു.