കോട്ടയം: പ്രളയകാലത്തും കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലും തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കുടുംബശ്രീ നടത്തിയ ഇടപെടലുകൾ മാതൃകാപരമാണ് എന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ പ്രളയക്കെടുതികൾ മൂലം വീട് നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് മണിമല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും മൂലം വീട് നഷ്ടപ്പെട്ടവരിൽ കൂട്ടിക്കൽ പഞ്ചായത്ത് നിർദ്ദേശിക്കുന്ന ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാനുള്ള മണിമല ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ തീരുമാനം പ്രശംസനീയമാണ് എന്ന് മന്ത്രി പറഞ്ഞു. ഓരോ കുടുംബശ്രീ അംഗവും 250 രൂപ വീതം സംഭാവനയായി നൽകും. മൂവായിരത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഈ തരത്തിൽ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ 183 അയൽക്കൂട്ടങ്ങളിലായി 2938 അംഗങ്ങളാണുള്ളത്. ഒരാളിൽ നിന്നും 250 രൂപ സമാഹരിക്കും. ഇവരിൽ നിന്നും 7.34ലക്ഷത്തോളം രൂപ ലഭിക്കും എന്നാണ് കണക്കാക്കുന്നത്. കൂടാതെ വെള്ളം കയറി വീടുകൾക്കുള്ളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുവേണ്ടി 150 പേരടങ്ങുന്ന കുടുംബശ്രീസന്നദ്ധ വാളണ്ടിയർമാരെ പ്രളയബാധിത മേഖലയിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധികളെ കൂട്ടായി അതിജീവിക്കുവാനുള്ള നാടിന്റെ പോരാട്ടങ്ങളിൽ കുടുംബശ്രീയും അവരുടേതായ പങ്കുവഹിക്കുകയാണ്. സുപ്രധാനമായ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന ഏവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.