മണിമല: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങുമായി മണിമല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വീടു നഷ്ടപ്പെട്ടവരിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് നിർദ്ദേശിക്കുന്ന ഒരു കുടുംബത്തിന് മണിമല ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വീട് നിർമ്മിച്ചു നൽകും എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സി.ഡി.എസ്സ് യോഗത്തിലാണ് ഈ തീരുമാനം. ഇതിനായി ഓരോ കുടുംബശ്രീ അംഗവും 250 രൂപ വീതം സംഭാവനയായി നൽകും. മണിമല ഗ്രാമ പഞ്ചായത്തിലെ മൂവായിരത്തോളം വരുന്ന കുടുംബശ്രീയംഗങ്ങളിൽ നിന്നും ഈ തരത്തിൽ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വെള്ളം കയറി വീടുകൾക്കുള്ളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും 150 പേരടങ്ങുന്ന കുടുംബശ്രീ സന്നദ്ധ വാളണ്ടിയർമാരെ പ്രളയബാധിത മേഖലയിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട് എന്ന് മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.