കാൽനട യാത്ര പോലും സാധ്യമാകാതെ നാലാം ദിവസവും ഓരുങ്കൽക്കടവ് പാലം, ഒഴുകിയെത്തിയ തടികളും മരക്കമ്പുകളും പാലത്തിൽ നിന്നും നീക്കം ചെയ്‌തിട്ടില്ല.


എരുമേലി: ആർത്തലച്ചൊഴുകിയ മണിമലയാർ ശാന്തമായി തുടങ്ങിയിട്ടും എരുമേലി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി മേഖലയായ ഓരുങ്കൽക്കടവിലെ പാലവും കാൽനട യാത്ര പോലും സാധ്യമാകാതെ നാലാം ദിവസവും കിടക്കുകയാണ്.

 

 കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഒഴുകിയെത്തി പാലത്തിൽ തടഞ്ഞു കിടക്കുന്ന മരങ്ങളും തടികളും മരക്കമ്പുകളും നീക്കം ചെയ്യാൻ ഇതുവരെയും അധികൃതരാരും എത്തിയിട്ടില്ല. മുൻവർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ സ്ഥിതി ഇത്രത്തോളം രൂക്ഷമായിരുന്നില്ല. നാട്ടുകാർ ചേർന്ന് അന്ന് ഒഴുകി വന്ന മരക്കമ്പുകളും തടികളും നീക്കം ചെയ്തിരുന്നു. ഇത്തവണ വൻ മരങ്ങളുൾപ്പടെയാണ് പാലത്തിൽ തങ്ങിക്കിടക്കുന്നത്. ഓരുങ്കൽക്കടവിൽ നിന്നും വാഴക്കാലയിൽ നിന്നുമുള്ള ജനങ്ങൾ കാഞ്ഞിരപ്പള്ളി പോകുന്നതിനും മറ്റുമായി ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന പാതയാണ് ഓരുങ്കൽപാലം വഴി കുറുവാമൂഴി എത്തുന്ന റോഡ്. അതോടൊപ്പം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ അതിർത്തി മേഖലയായ ഓരുങ്കലിൽ നിന്നും ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന എരുമേലിയിലേക്ക് എത്താൻ പാലം ഗതാഗത യോഗ്യമാക്കാത്തതിനാൽ ഇപ്പോൾ കിലോമീറ്ററുകൾ സഞ്ചരിച്ചു എരുമേലിയിൽ എത്തേണ്ട അവസ്ഥയിലാണ്. വെള്ളപ്പൊക്കമോഴിഞ്ഞു 4 ദിവസം പിന്നിട്ടിട്ടും പാലം ഗതാഗത യോഗ്യമാക്കാത്തതിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. പാലത്തിൽ തങ്ങിക്കിടക്കുന്ന മരങ്ങളും തടികളും മരക്കമ്പുകളും മാലിന്യങ്ങളും നീക്കം ചെയ്തു എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.