പാലാ: കൃത്യമായ മേൽനോട്ടവും മെയിന്റനൻസുമില്ലാതെ ചവറുകൂനയായി മാറുകയാണ് ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകൾ. പാലായിലെ ഒരു എടിഎം കൗണ്ടറിനുള്ളിലെ കാഴ്ചയാണ് ചിത്രത്തിലുള്ളത്.
ജില്ലയിൽ ബാങ്കുകളുടെ ബ്രാഞ്ചുകളോട് ചേർന്നുള്ള എടിഎം കൗണ്ടറുകൾ മാത്രമാണ് ഇപ്പോൾ വൃത്തിയായി കാണപ്പെടുന്നത്. പണം പിൻവലിച്ച ശേഷം ലഭിക്കുന്ന റെസിപ്റ്റുകൾ ആവശ്യ ശേഷം കൃത്യമായി ചവറ്റുകൊട്ടയിലിടാതെ അലക്ഷ്യമായി വലിച്ചെറിയുന്നവരെ ഈ സമയം എടുത്തു പറയാതിരിക്കാനാവില്ല. അതേസമയം നിരവധിപ്പേർ ദിവസേന പണ ഇടപാടുകൾക്കായി കയറിയിറങ്ങുന്ന ജില്ലയിലെ നിരവധി എടിഎമ്മുകളിൽ ഉപഭോക്താക്കൾക്ക് സാനിട്ടൈസർ സൗകര്യം പോലും ലഭ്യമല്ലാത്തവയുമുണ്ട്. കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ജില്ലയിലെ മിക്കവാറും എ ടി എമ്മുകളിൽ പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ബാങ്കുകളിലേക്ക് ഉപഭോക്താക്കൾ പ്രവേശിക്കുന്നതിന് നിയന്ത്രണവും പരിശോധനകളും ഏർപ്പെടുത്തുന്ന ബാങ്ക്, എ ടി എമ്മുകളിൽ എത്തുന്നവരുടെ സുരക്ഷയെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പേരിനൊരു കാലിയായ സാനിട്ടറിസർ ബോട്ടിലാണ് വിവിധ എടിഎമ്മുകളിൽ ഉള്ളത്. സർവ്വീസ് ചാർജ്ജുകൾ നിരവധിപ്പേരുകളിൽ ഈടാക്കുമ്പോൾ ദിവസം ഒരു തവണയെങ്കിലും എടിഎം കൗണ്ടറുകൾ വൃത്തിയായി സൂക്ഷിക്കാനും ബാങ്കുകൾക്ക് ബാധ്യതയില്ലേ?