തെറ്റുകൾക്കെതിരെ സംസാരിക്കാത്തവർ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്,തിന്മയ്‌ക്കെതിരെ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില


പാലാ: തെറ്റുകൾക്കെതിരെ സംസാരിക്കാത്തവർ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്,തിന്മയ്‌ക്കെതിരെ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല എന്ന് പാലാ ബിഷപ്പ് മാർ  ജോസഫ് കല്ലറങ്ങാട്ട്. ഗാന്ധിജയന്തി ദിനത്തിന്റെ പശ്ചാത്തലത്തിൽ ദീപികയിലെഴുതിയ ലേഖനത്തിലാണ് വിവാദ പരാമർശങ്ങളെ വീണ്ടും ബിഷപ്പ് ന്യായീകരിക്കുന്നത്. തുറന്നു പറയേണ്ടപ്പോൾ നിശ്ശബ്ദനായിരിക്കരുത് എന്ന തലക്കെട്ടോടെയാണ് ദീപികയിൽ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.തുറന്നു പറയേണ്ടപ്പോൾ നിശ്ശബ്ദനായിരിക്കരുത് എന്നും ഉറച്ചു നിൽക്കേണ്ടപ്പോൾ സത്യവിരുദ്ധമായ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധനാകരുതെന്നും ഗാന്ധിജി പഠിപ്പിക്കുന്നു എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. ഇന്ത്യൻ ദേശീയതയ്ക്ക് തുരങ്കം വയ്ക്കുന്ന തിന്മകളെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ ക്രിമിനൽ മനസ്ഥിതിയോടെയും അസഹിഷ്ണുതയോടെയുമല്ല പ്രതികരിക്കേണ്ടത് എന്നും പാലാ ബിഷപ്പ് പറയുന്നു. മതേതര വഴിയിലൂടെ സഞ്ചരിച്ചു വർഗീയ കേരളത്തിൽ നാം എത്തിപ്പെടുമോ എന്നതാണ് ഇന്ന് നിലനിൽക്കുന്ന ആശങ്ക എന്നും മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തിൽ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലർ ശഠിക്കുന്നത് എന്നും പാലാ ബിഷപ്പ് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും, മതസമൂഹവും സെക്കുലർ സമൂഹവും ഒന്നിച്ചു ജീവിക്കാൻ പഠിക്കണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ലേഖനത്തിൽ പരാമർശിക്കുന്നു. സമൂഹത്തിലെ അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുമ്പോൾ നമുക്ക് വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്മകൾക്കെതിരെ നമുക്ക് വേണ്ടത് മൗനമോ തമസ്കരണമോ തിരസ്കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല, അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും പ്രതിരോധവുമാണ് എന്ന് ബിഷപ്പ് പറയുന്നു.