പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു, സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാം.


കോട്ടയം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യാത്ര അവസാനിപ്പിച്ചിരുന്ന പാസഞ്ചർ ട്രെയിനുകളിൽ ചിലത് അടുത്തയാഴ്ച്ച മുതൽ ഓടിത്തുടങ്ങുമെന്ന് സംസ്ഥാന കായിക-വഖഫ്-റെയിൽവെ മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു.  കഴിഞ്ഞ ദിവസം റെയിൽവെയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച് സതേൺ റെയിൽവെ മാനേജരുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 06639 പുനലൂർ-തിരുവനന്തപുരം, ഒക്‌ടോബർ ആറിനും 06640 തിരുവനന്തപുരം-പുനലൂർ ഒക്‌ടോബർ ഏഴിനും ഓടിത്തുടങ്ങും.  06431 കോട്ടയം-കൊല്ലം, 06425 കൊല്ലം-തിരുവനന്തപുരം, 06435 തിരുവനന്തപുരം-നാഗർകോവിൽ എന്നീ ട്രെയിനുകൾ ഒക്‌ടോബർ എട്ടിനും ഓടിത്തുടങ്ങും.  ഈ തീവണ്ടികളിൽ സീസൺ ടിക്കറ്റ്, കൗണ്ടർ ടിക്കറ്റ് എന്നിവ ആരംഭിക്കുകയും ജനറൽ കമ്പാർട്‌മെന്റിൽ സീസൺ ടിക്കറ്റ് എടുത്തവർക്ക് യാത്ര അനുവദിക്കുകയും ചെയ്യും.  ഈ ട്രെയിനുകൾ എല്ലാം സ്‌പെഷ്യൽ ട്രെയിനുകളായാണ് ഓടുകയെന്നും റെയിൽവെ അറിയിച്ചതായി മന്ത്രി പറഞ്ഞു.