റോഡ് വികസനത്തിനായി സ്ഥലം വിട്ടു നൽകി, വീട്ടിലേക്ക് കയറാൻ ഏണിയെ ആശ്രയിക്കേണ്ട അവസ്ഥയിൽ ഒരു കുടുംബം, സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ കിടപ്പാടവും അപകടാവസ്ഥയ


മണിമല: പുനലൂർ-മൂവാറ്റുപുഴ ഹൈവേ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയ മണിമല ചെറുവള്ളി കൈപ്പൻപ്ലാക്കൽ ജേക്കബ്ബ് സെബാസ്റ്റിധ്യാനും കുടുംബവും ഇപ്പോൾ പ്രതിസന്ധിയിലാണ്. സ്വന്തം വീട്ടിലേക്ക് കയറാനുള്ള ഏക വഴിയും നടക്കല്ലുകളും റോഡ് വികസനത്തിന്റെ ഭാഗമായി ഇടിച്ചു നിർത്തിയിരുന്നു.

 

 ഒരു തിട്ടയുടെ മുകളിലാണ് ജേക്കബ്ബിന്റെയും കുടുംബത്തിന്റെയും വീട് ഇരിക്കുന്നത്. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തതോടെ വീട്ടിലേക്കുള്ള റോഡും നടക്കല്ലുകളും നഷ്ടമായതോടെ ഏണിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഈ കുടുംബം. റോഡിനു മുകളിലായിരിക്കുന്ന വീടിന്റെ തിട്ടയിടിച്ചു നിരത്തിയതിനാൽ കിടപ്പാടവും ഇപ്പോൾ അപകടാവസ്ഥയിലാണ്. വീട്ടിലേക്ക് കയറാൻ റോഡും നടക്കല്ലുകളും സ്ഥാപിച്ചു നൽകാമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇപ്പോൾ ആരും തിരിഞ്ഞു നോക്കാത്ത മട്ടിലാണെന്നു ജേക്കബ്ബ് പറയുന്നു. വീടിനു സമീപത്തു നിന്നും മണ്ണെടുത്തു മാറ്റിയിരിക്കുന്നതിലാണ് തിട്ടയിടിഞ്ഞു വീടും അപകടാവസ്ഥയിലാണ്. വീടിനു സംരക്ഷണ ഭിത്തി പോലും അധികൃതർ നിർമ്മിച്ചു നൽകിയിട്ടില്ല എന്നും ഇദ്ദേഹം പറയുന്നു. ശക്തമായ മഴയിൽ ഓരോ മഴ പെയ്ത്തിനും വീടിന്റെ തിട്ട വീണ്ടും ഇടയുകയാണ്. വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് കുടുംബാങ്ങങ്ങളെ ബന്ധു വീടുകളിലാക്കിയിരിക്കുകയാണ്. വീട്ടിലേക്ക് കയറാൻ ഇപ്പോൾ കയറുകൊണ്ട് നിർമ്മിച്ച ഒരു ഏണി മാത്രമാണ് ഏക ആശ്രയം. തന്റെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ കെഎസ്ടിപി അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെയും അധികൃതർ കൈക്കൊണ്ടിട്ടില്ല. വികസനം നാടിനു ആവശ്യമാണെന്നും വികസന കാര്യങ്ങൾക്ക് താൻ എതിരല്ല എന്നും സംരക്ഷണഭിത്തി നിർമ്മിച്ചു തന്റെ കിടപ്പാടം സുരക്ഷിതമാക്കണമെന്നും വീട്ടിലേക്ക് കയറാനുള്ള വഴി നിർമ്മിച്ചു നൽകണമെന്നുമാണ് ജേക്കബ്ബിന്റെ ആവശ്യം.