കാഞ്ഞിരപ്പള്ളി: പ്രളയ ഭീതിയുടെ നടുക്കം വിട്ടു മാറുന്നതിനു മുൻപ് തന്നെ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയെ ആശങ്കയിലാഴ്ത്തി ബുധനാഴ്ച്ച വൈകിട്ട് ലഭിച്ചത് ശക്തമായ മഴ.
ബുധനാഴ്ച്ച ഉച്ചയോടെ ജില്ലയുടെ കിഴക്കൻ മേഖലകൾ കാർമേഘങ്ങളാൽ മൂടിയെങ്കിലും 3 മണി കഴിഞ്ഞതോടെ ശക്തമായ മഴ ആരംഭിക്കുകയായിരുന്നു. മാനത്ത് കാർമേഘമുയരുമ്പോൾ ജില്ലയുടെ കിഴക്കൻ മേഘലകളിലുള്ളവരുടെ മനസ്സിലും ഭീതിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. വൈകിട്ട് പെയ്ത മഴ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, മണിമല, എരുമേലി മേഖലകളിൽ ശക്തമായി പെയ്തിറങ്ങി. ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ കനത്തമഴയ്ക്കു സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.