കോട്ടയം: മികച്ച ജീവനക്കാരിക്കുള്ള 2020ലെ ദേശീയ ഭിന്നശേഷി അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശിനി. കോട്ടയം പുലിയന്നൂർ സ്വദേശിനിയും അയർക്കുന്നം ഗ്രാമ പഞ്ചായത്ത് സൂപ്രണ്ടുമായ രശ്മി അനിൽ നായരാണ് അഭിമാനകരമായ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
നഷ്ട്ടപ്പെട്ട കേൾവി ശക്തിയിൽ തളരാതെ പ്രതിസന്ധികളെ അതിജീവിച്ചു വിജയം നേടിയ രശ്മി അനിൽ ഇന്ന് ഏറെ സന്തോഷവതിയാണ്. സാമൂഹ്യനീതിവകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ പുരസ്‌കാരവും രശ്മിക്ക് ലഭിച്ചിട്ടുണ്ട്. നഷ്ട്ടപ്പെട്ട കേൾവി ശക്തിയിൽ തളരാതെ പ്രതിസന്ധികളെ അതിജീവിച്ചു വിജയം നേടിയ വനിതയാണ് രശ്മി. രശ്മി അനിൽ ഇന്ന് അയർക്കുന്നം ഗ്രാമ പഞ്ചായത്ത് സൂപ്രണ്ടാണ്. ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസവും പുഞ്ചിരിയും കൊണ്ട് നേരിടുകയാണ് രശ്മി. ചെറുപുഞ്ചിരിയും കുട്ടിക്കളികളുമായി മാതാപിതാക്കളുടെ പൊന്നോമനയായിരുന്ന രശ്മിക്ക് മൂന്ന് വയസ്സിനു ശേഷം അപ്രതീക്ഷിതമായി എത്തിയ ന്യുമോണിയയാണ് നിശബ്ദതയുടെ ലോകത്തേക്ക് എത്തിച്ചത്. 1983 ലാണ് പാലാ പുലിയന്നൂർ തെക്കുംമുറി കരയിൽ കെ മോഹനന്റേയും രാധാമണിയുടെയും മകളായ രശ്മിക്ക് ന്യുമോണിയ ബാധിക്കുന്നത്. ഇതേത്തുടർന്ന് കേൾവി ശക്തിയും ഒപ്പം സംസാര ശേഷിയും രശ്മിക്ക് നഷ്‍ടമായിരുന്നു. നിരവധി ചികിത്സകൾക്ക് ശേഷം രശ്മിക്ക് സംസാര ശേഷി തിരിച്ചു കിട്ടിയെങ്കിലും നിശബ്ദതയുടെ ലോകത്ത് നിന്നും രശ്മിയെ തിരികെയെത്തിക്കാൻ സാധിച്ചില്ല. എന്നാൽ ഈ പ്രതിസന്ധികളിൽ തളരാതെ ധീരമായി അതിജീവിച്ച രശ്മി കഠിനാധ്വാനവും പ്രയത്നവും മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയും കൊണ്ട് നേടിയെടുത്തത് നിരവധി വിജയങ്ങളായിരുന്നു. പത്താം ക്ലാസ്സും പ്രീഡിഗ്രിയും ഫസ്റ്റ് ക്ലാസ്സോടെ പാസായ രശ്മി 2002 ൽ ബിരുദത്തിന് രണ്ടാം റാങ്ക് സ്വന്തമാക്കി. ഒരു മാർക്കിനാണ് അന്ന് രശ്മിക്ക് ഒന്നാം റാങ്ക് നഷ്ടമായത്. പാലാ അൽഫോൻസാ കോളേജിൽ നിന്നാണ് ഹിസ്റ്ററിയിൽ ബിരുദ പഠനം പൂർത്തിയാക്കിയത്. ബിരുദ പഠനത്തിന് മുൻപ് ഒരു വര്‍ഷത്തെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ കോഴ്സ് രശ്മി പൂർത്തിയാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ്സോടെയാണ് രശ്മി വിജയിച്ചത്. മീനച്ചില്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിയില്‍ ട്രെയിനി ക്ലര്‍ക്ക് ആയി ഒന്നര വർഷം ജോലി ചെയ്തതിനു ശേഷമായിരുന്നു 2004 ൽ മുത്തോലി ഗ്രാമപഞ്ചായത്തിൽ എൽ ഡി ക്ലര്‍ക്ക് ആയി ജോലിയിൽ പ്രവേശിച്ചത്. സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ഇവിടെ ലഭിച്ചതായി രശ്മി സ്നേഹത്തോടെ ഓർക്കുന്നു. കടലാസ്സും പേനയും എപ്പോഴും കൂടെ കരുതിയിരുന്നതായും സഹപ്രവർത്തകർ ജോലി സംബന്ധമായ കാര്യങ്ങൾ പേപ്പറിൽ എഴുതി നല്കുമായിരുന്നെന്നും രശ്മി പറഞ്ഞു. സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് പരീക്ഷയിലും അഭിമുഖത്തിലും രണ്ടാം സ്ഥാനം നേടിയാണ് രശ്മി വിജയിച്ചതും തന്റെ സർക്കാർ സർവ്വീസ് ആരംഭിച്ചതും. ഒരിക്കലും പ്രതിസന്ധികളിൽ തളരരുത്, നമ്മുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കുമൊപ്പം സഞ്ചരിച്ചാൽ നേടിയെടുക്കാൻ സാധിക്കാത്തതാണ് ഒന്നുമില്ലെന്ന് രശ്മി പറയുന്നു. ജോലിയിൽ പ്രവേശിച്ച ആദ്യ സമയങ്ങളിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് തനിക്ക് എല്ലാം അതിജീവിക്കാൻ സാധിച്ചതെന്ന് രശ്മി പറയുന്നു. സീനിയർ ക്ലർക്ക്, അക്കൗണ്ടന്റ്, ഹെഡ് ക്ലർക്ക് തുടങ്ങിയ ചുമതലകൾ നിർവ്വഹിച്ചതിന് ശേഷമാണ് രശ്മിക്ക് എരുമേലി ഗ്രാമപഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ടായി നിയമനം ലഭിച്ചത്. ഇപ്പോൾ അയർക്കുന്നം ഗ്രാമ പഞ്ചായത്ത് സൂപ്രണ്ടാണ് രശ്മി. മുത്തോലി,കടനാട്, തലപ്പലം,പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളിലും കോട്ടയം ജില്ലാ പഞ്ചായത്തിലും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡെഫ് വുമണ്‍സ് ഫോറം കേരളയുടെ സംസ്ഥാന പ്രസിഡന്റും ഡെഫ് എംപ്ലോയീസ് ഫോറം കേരളയുടെ സംസ്ഥാന കോ ഓർഡിനേറ്ററും കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷന്‍ ഓഫ് ഡെഫിന്റ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കോട്ടയം ഡെഫ് വുമണ്‍സ് ഫോറത്തിന്റെ ചെയര്‍പേഴ്സനുമാണ് രശ്മി. 2016 ൽ സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പ് രശ്മിക്ക് പുരസ്ക്കാരം നൽകി. പ്രതിസന്ധികളെ അതിജീവിച്ച രശ്മിയുടെ നേട്ടങ്ങൾക്കാണ് പുരസ്ക്കാരം നൽകിയത്. കണ്ണൂരിൽ നടന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പുരസ്ക്കാരം നൽകിയത്. അനിൽ കുമാറാണ് രശ്മിയുടെ ഭർത്താവ്. പാർവ്വതി,ശിവാനി എന്നിവരാണ് മക്കൾ.