തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിനൊപ്പം കേന്ദ്രം പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുണ്ടായ കേസുകളും പിൻവലിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു സംഭവങ്ങളുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ സ്വഭാവം പരിശോധിച്ചു നടപടി വേഗത്തിലാക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്മാര്ക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഓരോ കേസും കോടതിയുടെ അനുമതിയോടെയാണ് പിൻവലിക്കുന്നതെന്നും ഇതിനാവശ്യമായ സർക്കാർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനു നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.