കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വാദപ്രതിവാദങ്ങളും ആരോപണങ്ങളൂം കെട്ടടങ്ങിയിട്ടില്ല. അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന്റെ ചുവടു പിടിച്ചു എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും മുൻ എംഎൽഎ പി സി ജോർജ്ജും തമ്മിലുള്ള വാദപ്രതിവാദങ്ങൾ തുടരുകയാണ്.

 

 ആരോപണങ്ങളും അതിനുള്ള മറുപടിയും ശക്തമായ ഭാഷയിലാണ് ഇരുവരും നല്കിക്കൊണ്ടിരിക്കുന്നത്. ഒരു ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും മുതിരാതെ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചപ്പോള്‍ അത് തുറന്ന് കാട്ടുകയും ചില സത്യങ്ങള്‍ വിളിച്ചു പറയുകയും ചെയ്തു എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറയുന്നു. 'പുരകത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍' എന്ന അഭിസംഭോധനയോടെയാണ് എംഎൽഎ ഫേസ്‌ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നുവരെ ഏതെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല, ഒരധാര്‍മ്മിക പ്രവര്‍ത്തികള്‍ക്കും കൂട്ട് നിന്നിട്ടില്ല, മറിച്ച് ആര്‍ക്കെങ്കിലും തെളിയിക്കാമെങ്കില്‍ എന്റെ പൊതുജീവിതം അവസാനിപ്പിക്കാം എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറയുന്നു. 'കണ്ടാല്‍ ഭയപ്പെടുന്നവനല്ല സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. തീയിലാ കുരുത്തത്, വെയിലത്ത് വാടുകേല'എന്നും 'പുര കത്തുമ്പോഴും വാഴവെട്ടുന്നവര്‍ക്ക് കാലം കരുതി വച്ചിരിക്കുന്ന കാവ്യനീതിയ്ക്കായി കാത്തിരുന്നോളൂ' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. 

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

പുരകത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍…

പ്രിയപ്പെട്ടവരെ, 

നമ്മുടെ നാട് ചരിത്രത്തിലൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത  മഹാദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണല്ലോ. ഈ ദുരിതത്തില്‍ എല്ലാവരും ഒരു മനസായി നിന്ന് ദുരിതബാധിതരെ സഹായിക്കുകയും നമ്മുടെ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ ഒറ്റക്കെട്ടായി സഹകരിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്. ഒരു പരിധി വരെ നാം ആ നിലയില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയുമാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍, വീട് തകര്‍ന്നവര്‍, എല്ലാ സമ്പാദ്യവും ഒലിച്ചുപോയവര്‍, വ്യാപാരവും ഉപജീവന മാര്‍ഗങ്ങളുമെല്ലാം തകര്‍ന്നടിഞ്ഞവര്‍, നിസഹായരായ, നിരാലംബരായ ഒരു ജനസമൂഹമാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ഈ നിസഹായ അവസ്ഥയില്‍ അവരെ ചേര്‍ത്ത് പിടിച്ച്, പുനരാധിവാസത്തിന്റെയും പുനര്‍നിര്‍മ്മാണത്തിന്റെയും പാതയില്‍ ജീവിതം തിരികെപ്പിടിക്കാന്‍ ഒരു മനസായി നില്‍ക്കുന്ന ഈ സന്ദര്‍ഭത്തിലും ഒരു ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും മുതിരാതെ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചപ്പോള്‍ ഞാന്‍ അത് തുറന്ന് കാട്ടുകയും, ചില സത്യങ്ങള്‍ വിളിച്ചു പറയുകയും ചെയ്തു. അതോടെ അക്കൂട്ടര്‍ ചില മഞ്ഞ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് എനിക്കെതിരെ തിരിഞ്ഞു. പിന്നീട് കണ്ടത് ആസൂത്രിതമായൊരു തിരക്കഥയും വ്യാജ വാര്‍ത്തകളുടെ മലവെള്ളപാച്ചിലുമായിരുന്നു. അവരോടെനിക്കൊന്നേ പറയാനുള്ളൂ, ഉമ്മാക്കി കണ്ടാല്‍ ഭയപ്പെടുന്നവനല്ല സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. തീയിലാ കുരുത്തത്, വെയിലത്ത് വാടുകേല. മൂന്ന് പതിറ്റാണ്ടായി ഞാന്‍ പൊതുരംഗത്തുണ്ട്. എന്റെ പൊതു ജീവിതം തുറന്ന പുസ്തകമാണ്. അത് സംശുദ്ധമാണ്, സുതാര്യമാണ്. അത് 1987ലെ കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് മുതല്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ 16 തവണ ജനങ്ങള്‍ അംഗീകരിച്ചതാണ്. ഞാന്‍ ഇന്നുവരെ ഏതെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. ഒരാധാര്‍മ്മിക പ്രവര്‍ത്തികള്‍ക്കും കൂട്ട് നിന്നിട്ടില്ല. മറിച്ച് ആര്‍ക്കെങ്കിലും തെളിയിക്കാമെങ്കില്‍ ഞാന്‍ എന്റെ പൊതുജീവിതം അവസാനിപ്പിക്കാം. ഇപ്പോള്‍ വ്യാജ കഥകള്‍ മെനയുന്നവരോടും എനിക്കതേ പറയാനുള്ളൂ. തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കുക, നിയമ നടപടികള്‍ സ്വീകരിക്കുക. കവല ചട്ടമ്പികള്‍ ആരെയും തെറിവിളിക്കും, പുലഭ്യം പറയും. പക്ഷേ മാന്യതയുള്ളവര്‍ ഒരിയ്ക്കലും ആ ശൈലി സ്വീകരിക്കില്ല എന്നോര്‍മ്മിപ്പിക്കട്ടെ. ഓരോരുത്തരും അവനവന്റെ സംസ്കാരവും കുടുംബപാരമ്പര്യവും അനുസരിച്ചല്ലേ പ്രവര്‍ത്തിക്കുകയുള്ളൂ. പഠിച്ചതല്ലേ പാടുകയുള്ളൂ. പുകമറ സൃഷ്ടിക്കുകയും കരിവാരിതേക്കുകയും ചെയ്യുന്നവര്‍ മനസിലാക്കുക, നിങ്ങള്‍ ഇതേ കുതന്ത്രം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇതിലും വലിയ തോതില്‍ ആഞ്ഞു പ്രയോഗിച്ചിട്ടും എന്താണ് സംഭവിച്ചത്, എന്റെ ഭൂരിപക്ഷം 17,000 ആയിരുന്നു.. നിങ്ങള്‍ കുഴിക്കുന്ന കുഴിക്കുന്ന കുഴിയില്‍ നിങ്ങള്‍ തന്നെ കൂടുതല്‍ ആഴത്തില്‍ പതിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കാലിനടിയിലെ മണ്ണ് പൂര്‍ണമായും ഒഴുകിപൊയ്ക്കൊണ്ടിരിക്കുകയാണ്. അതിന്റെ വിഭ്രാന്തിയാണല്ലോ ഈ കാണിക്കുന്നതൊക്കെയും. ഒന്നോര്‍ത്തോളൂ ഉപ്പ് തിന്നവന്‍ വെള്ളം കുടിച്ചിരിക്കും. എനിക്ക് തല്‍ക്കാലം ഈ വിവാദത്തിനും മറ്റൊന്നിനും സമയം ഇല്ല, എനിക്കെന്റെ ജനങ്ങളെ രക്ഷിക്കണം. പ്രളയത്തില്‍ സര്‍വ്വം തകര്‍ന്ന ജനതയെ പുനരധിവസിപ്പിക്കണം. അതിനായി പരമാവധി ഗവണ്‍മെന്‍റ് സഹായത്തിന് ഞാന്‍ തീവ്ര ശ്രമത്തിലാണ്. ബഹു. മുഖ്യമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരെയും നേരില്‍ കണ്ട് വിശദമായി സംസാരിച്ച് കണക്കുകളും വസ്തുതകളും നിരത്തി നിവേദനങ്ങള്‍ നല്‍കി. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി, കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. വിഷയം നിയമസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാന ഗവര്‍ണറെ കാണുന്നതിന് അപ്പോയിന്‍റ്മെന്‍റ് വാങ്ങിയിട്ടുണ്ട്. ബഹു. പ്രധാന മന്ത്രിയ്ക്കും കേന്ദ്ര ധനകാര്യ, ഗ്രാമ വികസന മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ അയച്ചു. പൂഞ്ഞാര്‍ എന്റെ മനസും ശരീരവും ആത്മാവുമാണ്. അത് തകര്‍ന്ന് വിറങ്ങലിച്ച് നില്‍ക്കുന്ന ഈ ഘട്ടത്തില്‍ എന്റെ മനസ്സ് നിറയെ ഈ നാടിന്റെ പുനസൃഷ്ടിയാണ്. ഇവിടെ പുര കത്തുമ്പോഴും വാഴവെട്ടുന്നവര്‍ക്ക് കാലം കരുതി വച്ചിരിക്കുന്ന കാവ്യനീതിയ്ക്കായി കാത്തിരുന്നോളൂ....