ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ചിട്ട് ഒരു മാസം, മണിമലയാറിന്റെ പ്രളയക്കലിയിൽ എരുമേലിയിലെ ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം തകർന്നു.


എരുമേലി: കനത്ത മഴയിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പ്രളയക്കലി പൂണ്ട മണിമലയാർ തകർത്തെറിഞ്ഞത് ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ചു ഉത്‌ഘാടനം ചെയ്തു ഒരു മാസം മാത്രമായ എരുമേലി ഓരുങ്കൽക്കടവിലെ ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം.

 

 മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഒന്നാം ഘട്ടത്തിൽ കോട്ടയം ജില്ലയില്‍ പൂര്‍ത്തീകരിച്ച 18 ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങളിൽ ഒന്നായിരുന്നു എരുമേലി ഗ്രാമപഞ്ചായത്തിലെ ഓരുങ്കൽക്കടവിൽ പ്രവർത്തന സജ്ജമാക്കിയിരുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി വൃത്തിയും ശുചിത്വവും സുരക്ഷിതത്വവുമുള്ള പൊതുശുചിമുറികളും അനുബന്ധ വിശ്രമകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരുന്നു. പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്‍റീവ് ഗ്രാന്‍റ്, ശുചിത്വ കേരളം ഫണ്ട്, പഞ്ചായത്ത് പ്ലാന്‍ ഫണ്ട്, ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ്, സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഫണ്ട് എന്നിവ വിനിയോഗിച്ച് ആണ് ജില്ലയിൽ ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. കനത്ത മഴയിലും ഉരുൾപൊട്ടലിലും വെള്ളം ഇരച്ചെത്തിയതോടെ ഓരുങ്കൾക്കടവ് പാലവും കവിഞ്ഞു വേളം ഒഴുകി തുടങ്ങുകയും സമീപ തീരദേശത്തേക്കും തീരദേശ റോഡിലേക്കും വെള്ളം കയറുകയുമായിരുന്നു. മണിമലയാറിന്റെ തീരത്തായി സ്ഥാപിച്ചിരുന്ന വിശ്രമകേന്ദ്രം മണിമലയാറിലെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ മൂടപ്പെടുകയും തകരുകയുമായിരുന്നു. ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം പൂർണ്ണമായും തകർന്നു. അതേസമയം ശബരിമല സീസണിൽ മാത്രം പ്രവർത്തിച്ചിരുന്ന, പ്രധാന പാതയല്ലാത്ത മേഖലയിൽ വിശ്രമകേന്ദ്രം ലക്ഷങ്ങൾ ചിലവിട്ടു നവീകരിച്ചത് നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ആണ്. പ്രധാന പാതയല്ലാത്തതിനാൽ യാത്രക്കാർ വളരെ കുറവുള്ള എരുമേലി കുറുവാമൂഴി ബൈപ്പാസ് റോഡിൽ ഓരുങ്കൽക്കടവിൽ വിശ്രമകേന്ദ്രം സ്ഥാപിക്കുന്നതിനോട് നാട്ടുകാർ തുടക്കത്തിലേ എതിർപ്പ് രേഖപ്പെടുത്തിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ ചെലവിട്ടാണ് കെട്ടിടം നവീകരിച്ചു ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം സജ്ജമാക്കിയത്. ഇത്തരം വിശ്രമകേന്ദ്രം ആവശ്യമായി വന്നിരുന്നത് എരുമേലി നഗരത്തിനോട് ചേർന്നും മുക്കൂട്ടുതറയിലുമായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ആവശ്യമായ സ്ഥലങ്ങളിൽ വിശ്രമകേന്ദ്രം സ്ഥാപിക്കുന്നതിന് പകരം ആളൊഴിഞ്ഞ മേഖലയിൽ ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം സജ്ജമാക്കിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണിമലയാറിന്റെ തീരത്തെ ശൗചാലയ സമുച്ചയത്തിൽ നിന്നും ശബരിമല സീസണിലുൾപ്പടെ മാലിന്യങ്ങൾ മണിമലയാറിൽ കലരുന്നത് മുൻപും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.